Deshabhimani

ടാൻസാനിയയിൽ പ്രശസ്ത ബീച്ചിൽ വൻ തീപിടിത്തം; ആറ് ഹോട്ടലുകൾ കത്തിനശിച്ചു

tanzania beach
വെബ് ഡെസ്ക്

Published on Nov 24, 2026, 06:57 AM | 2 min read

സാൻസിബാർ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സാൻസിബാറിൽ വൻ തീപിടിത്തം. ആറ് ഹോട്ടലുകൾക്കും നാല് റസ്റ്റോറന്റുകൾക്കും നാൽപ്പതോളം കടകൾക്കും നാശനഷ്ടമുണ്ടായി. 183 വിനോദസഞ്ചാരികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. നിരവധി ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു.


ശനിയാഴ്ച ഉച്ചയ്ക്ക് 2.20ഓടെ സാൻസിബാറിലെ നുങ്‌വി ബീച്ചിലുള്ള മക്കോഫി ഹോട്ടലിലാണ് ആദ്യം തീപിടിച്ചത്. ശക്തമായ കാറ്റിൽ തീ സമീപത്തെ ഹോട്ടലുകളിലേക്കും വ്യാപിക്കുകയായിരുന്നു. പനയോലകൾ കൊണ്ടുള്ള മേൽക്കൂരകൾക്ക് തീപിടിച്ചതോടെ കൂടുതൽ കെട്ടിടങ്ങളിലേക്ക് തീ അതിവേഗം പടർന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.


മക്കോഫി ഹോട്ടലിന് പുറമെ സെഡ് ഹോട്ടൽ, നുങ്‌വി ഗാർഡൻ, ബിആർ, പാഷ, സാൻഡ് ബീച്ച് എന്നീ ഹോട്ടലുകളെയാണ് തീപിടിത്തം ബാധിച്ചത്. സമീപത്തെ നാല് റസ്റ്റോറന്റുകൾക്കും നാൽപ്പതോളം കടകൾക്കും നാശനഷ്ടമുണ്ടായി. ചില ഹോട്ടലുകളുടെ മുറികളും അടുക്കളകളും റസ്റ്റോറന്റുകളും കത്തിനശിച്ചു.



തീപിടിത്തമുണ്ടായ പ്രദേശത്തുനിന്ന് ഒഴിപ്പിച്ച 183 വിനോദസഞ്ചാരികളെ മ്ചംഗാനി, മറ്റെംവെ മേഖലകളിലെ ഹോട്ടലുകളിലേക്ക് മാറ്റി. ഇരുപതിലധികം ഹോട്ടലുകൾ സൗജന്യ താമസസൗകര്യം വാഗ്ദാനം ചെയ്തതായി അധികൃതർ അറിയിച്ചു. ചില വിനോദസഞ്ചാരികളുടെ പാസ്പോർട്ടുകളും വ്യക്തിഗത വസ്തുക്കളും തീപിടിത്തത്തിൽ നഷ്ടപ്പെട്ടു. ഇവർക്ക് പുതിയ യാത്രാരേഖകൾ ലഭ്യമാക്കാൻ ബന്ധപ്പെട്ട രാജ്യങ്ങളുടെ എംബസികളുമായി സർക്കാർ ചർച്ച നടത്തിവരികയാണ്.


ഹോട്ടലിലെ റൊട്ടി ചുടുന്ന അടുപ്പിൽനിന്നാകാം തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.


തീപിടിത്തത്തിൽ വിനോദസഞ്ചാരികൾക്ക് പരിക്കേറ്റിട്ടില്ല. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ചില ഹോട്ടൽ ജീവനക്കാർക്ക് നിസ്സാര പരിക്കുകളേറ്റു. മൂന്ന് അഗ്നിരക്ഷാ കേന്ദ്രങ്ങളിൽനിന്നുള്ള സംഘങ്ങളാണ് തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.


സംഭവത്തെ തുടർന്ന് സാൻസിബാറിലെ ഹോട്ടലുകളുടെ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചു. പനയോലകൾ കൊണ്ടുള്ള മേൽക്കൂരകളുള്ള ഹോട്ടലുകളിൽ തീ നിയന്ത്രിക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മതിയായ സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ നാശനഷ്ടം കുറയ്ക്കാൻ കഴിയുമായിരുന്നെന്ന് സാൻസിബാർ ടൂറിസം കമീഷൻ അധികൃതർ പറഞ്ഞു.


ഹോട്ടലുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഉണ്ടായ സാമ്പത്തിക നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കിയശേഷം പുനർനിർമാണ നടപടികൾ പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി നസ്ര നാസർ ഒമർ അറിയിച്ചു.


വെള്ളമണൽ ബീച്ചുകളും മനോഹരമായ കടൽത്തീരങ്ങളും കൊണ്ട് പ്രശസ്തമാണ് സാൻസിബാർ. ടാൻസാനിയയുടെ തീരത്തുള്ള ഈ ദ്വീപസമൂഹത്തിന്റെ പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് വിനോദസഞ്ചാരം. തിരക്കേറിയ വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ തീപിടിത്തം ഹോട്ടൽ ഉടമകൾക്കും ചെറുകിട വ്യാപാരികൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home