സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം; വിധിക്ക് പിന്നാലെ കോടതിയുടെ അഞ്ചാം നിലയിൽനിന്ന് ചാടി പ്രതി മരിച്ചു

മുംബൈ: സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ കോടതിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടിയ പ്രതി മരിച്ചു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് സംഭവം. നാഗേഷ് ബാബു ലാഡ് ആണ് മരിച്ചത്. തിങ്കളാഴ്ച ബേലാപുർ കോടതിയിൽ ശിക്ഷ വിധിച്ച് മിനിറ്റുകൾക്കകമായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ നാഗേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2019ൽ സഹോദരി സുനിതയെ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലാണ് നാഗേഷിനെ കോടതി ശിക്ഷിച്ചത്. സഹോദരിയുടെ കൊലപാതകത്തിൽ ജീവപര്യന്തം തടവും ഭാര്യയെ കൊല്ലാൻ ശ്രമിച്ച കേസിൽ പത്ത് വർഷത്തെ കഠിനതടവുമാണ് ബേലാപുർ അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.
വിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിയെ തലോജ ജയിലിലേക്ക് തിരികെ കൊണ്ടുപോകാനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് സംഭവം. ശുചിമുറിയിൽ പോകണമെന്ന് പൊലീസുകാരോട് ആവശ്യപ്പെട്ട നാഗേഷ് പെട്ടെന്ന് ഓടി കോടതിക്കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് താഴേക്ക് ചാടുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഉടൻ ബേലാപുരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഭാര്യയ്ക്ക് സഹോദരീഭർത്താവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. 2019 ജൂലൈ 17ന് പുലർച്ചെ നവി മുംബൈയിലെ ഭാര്യവീട്ടിലെത്തിയ നാഗേഷ് ഭാര്യയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് അവിടെനിന്ന് രക്ഷപ്പെട്ടു.
തുടർന്ന് സഹോദരി സുനിതയുടെ വീട്ടിലെത്തി. കുടുംബപ്രശ്നം പരിഹരിക്കാനും സഹോദരന്റെ ഭാര്യയെ സഹായിക്കാനും സുനിത ശ്രമിച്ചിരുന്നു. ഇതിനിടെ പ്രകോപിതനായ നാഗേഷ് സുനിതയെ നെഞ്ചിൽ പലതവണ കുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് സുനിത മരിച്ചു.
സംഭവത്തിന് പിന്നാലെ ഒളിവിൽപോയ നാഗേഷിനെ 24 മണിക്കൂറിനുള്ളിൽ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ഏഴുവർഷത്തോളം ജയിലിലായിരുന്നു. കേസിൽ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച കോടതി നാഗേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ചില സാക്ഷികൾ മൊഴിമാറ്റിയെങ്കിലും കൊലപാതകത്തിന് ഉപയോഗിച്ച കത്തി, രക്തംപുരണ്ട വസ്ത്രങ്ങൾ, വാട്സാപ് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകൾ പ്രതിക്കെതിരായിരുന്നു. വധശിക്ഷ നൽകേണ്ട അപൂർവങ്ങളിൽ അപൂർവമായ കേസല്ലിതെന്ന് നിരീക്ഷിച്ചാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
കോടതിക്കുള്ളിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായോ എന്നും അന്വേഷണം നടത്തും. കേസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അന്വേഷിക്കുമെന്ന് നവി മുംബൈ പൊലീസ് കമീഷണർ മിലിന്ദ് ഭാരംബെ അറിയിച്ചു.








0 comments