ട്രംപ് - ഷി ജിൻപിംഗ് കൂടിക്കാഴ്ച; ഹോർമുസും ഇറാൻ എണ്ണ ഇറക്കുമതിയും ചർച്ചയാകും

പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും | REUTERS/Evelyn Hockstein//File Photo
ബീജിംഗ് : പശ്ചിമേഷ്യൻ യുദ്ധവും ആഗോള സാമ്പത്തിക പ്രതിസന്ധിയും നിഴൽവീഴ്ത്തിയ അന്തരീക്ഷത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഈ ആഴ്ച കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ട്രംപ് ബുധനാഴ്ച ബീജിംഗിലെത്തുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലാകും ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തുക. 2017ന് ശേഷം ട്രംപ് നടത്തുന്ന ആദ്യ ചൈന സന്ദർശനമാണിത്.
യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ചൈന സ്വാധീനം ഉപയോഗിക്കണമെന്ന് ട്രംപ് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന ഉപഭോക്താവാണ് ചൈന. ഇറാനുമായി അടുത്ത ബന്ധമുള്ള ചൈനയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ചക്ക് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങൾ.
അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറിലേക്ക് ഇറാനെ എത്തിക്കാൻ ചൈനയുടെ ഇടപെടൽ നിർണായകമാകുമെന്ന് യുഎസ് കരുതുന്നു. ഇതോടൊപ്പം റഷ്യയുമായുള്ള ചൈനയുടെ സാമ്പത്തിക - സൈനിക ഇടപാടുകളിലുള്ള ആശങ്കയും ട്രംപ് ഉന്നയിക്കും.
ആഗോള സാങ്കേതിക വിദ്യക്ക് അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കളുടെ വിതരണം സംബന്ധിച്ച കരാർ നീട്ടുന്ന കാര്യവും ഇരുനേതാക്കളും ചർച്ച ചെയ്യും. വ്യാപാര യുദ്ധത്തിലെ വെടിനിർത്തൽ കരാർ നീട്ടുന്നത് വഴി വിതരണ ശൃംഖലയിലെ തടസങ്ങൾ ഒഴിവാക്കാമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
പരസ്പര നിക്ഷേപം സുഗമമാക്കാൻ 'ബോർഡ് ഓഫ് ട്രേഡ്', 'ബോർഡ് ഓഫ് ഇൻവെസ്റ്റ്‌മെന്റ്' എന്നിവയും പ്രഖ്യാപിച്ചേക്കാം. ബോയിംഗ് വിമാനങ്ങളും കാർഷിക ഉൽപ്പന്നങ്ങളും വാങ്ങുന്നത് സംബന്ധിച്ച് ചൈനയുടെ ഭാഗത്തുനിന്ന് അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
തായ്‌വാൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആണവായുധങ്ങൾ എന്നീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും ഭിന്നത നിലനിൽക്കുന്നുണ്ട്. തായ്‌വാന് അമേരിക്ക നൽകുന്ന സൈനിക പിന്തുണയിൽ ചൈന അതൃപ്തിയിലാണ്. എന്നാൽ ഈ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.
ചൈനയുടെ എഐ മുന്നേറ്റങ്ങളിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു. അപ്രതീക്ഷിത സംഘർഷങ്ങൾ ഒഴിവാക്കാൻ ഒരു വിനിമയമാർഗം രൂപീകരിക്കാൻ യുഎസ് താല്പര്യപ്പെടുന്നതായും റിപ്പോർട്ടുണ്ട്. ആണവായുധ നിയന്ത്രണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്ക താല്പര്യം പ്രകടിപ്പിച്ചെങ്കിലും ചൈന ഇതിനോട് വിമുഖത കാട്ടുകയാണ്.
ദക്ഷിണ കൊറിയയിൽ ഒക്ടോബറിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും നേർക്കുനേർ ചർച്ചക്കിരിക്കുന്നത്. ലോകത്തെ രണ്ട് വൻശക്തികൾക്കിടയിലെ ഈ കൂടിക്കാഴ്ച പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്ന് കരുതപ്പെടുന്നു.










0 comments