ad
Deshabhimani

അമേരിക്കൻ പാസ്‌പോർട്ടിൽ തന്റെ ചിത്രം ഉൾപ്പെടുത്താനൊരുങ്ങി ട്രംപ്; പുതിയ വിവാദം

Donald Trump

ഡോണാൾഡ് ട്രംപ് | Photo:AFP

വെബ് ഡെസ്ക്

Published on Apr 29, 2026, 06:31 AM | 1 min read

വാഷിങ്ടൺ ഡി സി: യുഎസ് പാസ്‌പോർട്ടുകളിൽ തന്റെ ചിത്രം ഉൾപ്പെടുത്താൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കം. യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം പ്രമാണിച്ച് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ടിലാണ് ട്രംപിന്റെ ചിത്രവും പതിക്കുക.


ട്രംപിന്റെ രണ്ടാമത്തെ സ്ഥാനാരോഹണ വേളയിലുള്ള ചിത്രം, അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയ്ക്ക് മുകളിലായി പതിപ്പിച്ച രീതിയിലായിരിക്കും ഇത്. ഒപ്പം സ്വർണ്ണ നിറത്തിൽ പ്രസിഡന്റിന്റെ ഒപ്പും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


"ജൂലൈയിൽ അമേരിക്കയുടെ 250-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ഈ ചരിത്ര മുഹൂർത്തത്തെ അനുസ്മരിക്കുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത യുഎസ് പാസ്‌പോർട്ടുകൾ പുറത്തിറക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തയ്യാറെടുക്കുകയാണ്," എന്ന് ഫോക്സ് ന്യൂസ് വാർത്ത പങ്കുവെച്ചുകൊണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് എക്സിൽ കുറിച്ചു.


ട്രംപ്-തീമിലുള്ള പാസ്‌പോർട്ടുകൾ മാത്രമേ ലഭ്യമാകൂവെന്നാണ് സൂചന. പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർക്ക് ഈ സ്പെഷ്യൽ എഡിഷൻ നിരസിക്കാൻ കഴിയുമോ എന്നത് വ്യക്തമല്ല.


ആധുനിക അമേരിക്കൻ പാസ്‌പോർട്ടുകളിലൊന്നിലും ഇതുവരെ ഒരു പ്രസിഡന്റിന്റെയും ചിത്രം ഉൾപ്പെടുത്തിയിട്ടില്ല. മറ്റ് രാജ്യങ്ങൾ നൽകുന്ന പാസ്‌പോർട്ടുകളിലും ഇത്തരം രീതികൾ കാണാൻ കഴിയില്ല.


പരമ്പരാഗതമായി, യുഎസ് പാസ്‌പോർട്ടുകൾ സ്റ്റേറ്റ് സെക്രട്ടറിയുടെ പേരിലാണ് പുറത്തിറക്കാറുള്ളത്, മുൻകാല പതിപ്പുകളിൽ പാസ്‌പോർട്ട് നൽകുന്ന ഉദ്യോഗസ്ഥരുടെ ഒപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.


കഴിഞ്ഞ വർഷം വീണ്ടും അധികാരത്തിൽ വന്നതുമുതൽ, മുമ്പെങ്ങുമില്ലാത്തവിധം സർക്കാർ സ്ഥാപനങ്ങളിൽ ട്രംപ് തന്റെ പേരും ചിത്രവും പതിപ്പിച്ചിട്ടുണ്ട്. തലസ്ഥാനത്തെ നിരവധി സർക്കാർ കെട്ടിടങ്ങളിൽ പ്രസിഡന്റിന്റെ ബാനറുകൾ ഉയർത്തിയിട്ടുണ്ട്. കൂടാതെ കെന്നഡി സെന്റർ പെർഫോമിംഗ് ആർട്സ് സെന്ററിലും, യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിലും ട്രംപിന്റെ പേര് കൂട്ടിച്ചേർത്തു.


ട്രംപിന്റെ ഒപ്പ് വൈകാതെ ഡോളറിലും പ്രത്യക്ഷപ്പെടുമെന്ന് കഴിഞ്ഞ മാസം ട്രഷറി ഡിപ്പാർട്ട്‌മെന്റും അറിയിച്ചിരുന്നു. അമേരിക്കയിൽ ഇതും ആദ്യമായാണ് സംഭവിക്കുന്നത്.


ട്രംപിന്റെ നീക്കം പുതിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home