print edition ഹോർമുസ് പിടിക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: പശ്‌ചിമേഷ്യയെ വീണ്ടും മുൾമുനയിലാക്കി ഇറാനുനേരെ വ്യോമാക്രമണം തുടരുന്ന അമേരിക്ക ഹോർമുസ് വരുതിയാലാക്കുമെന്ന് പ്രഖ്യാപിച്ചു. ഹോർമുസ് പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാനുമേലുള്ള ഉപരോധം "പുനഃസ്ഥാപിക്കുകയാണെന്നും' പ്രഖ്യാപിച്ചു. ഹോർമുസിലൂടെ കടന്നുപോകുന്ന ചരക്കുകൾക്ക് 20 ശതമാനം ചുങ്കം ഏർപ്പെടുത്തും. തന്ത്രപ്രധാന ജലപാതയ്‌ക്ക് കാവൽ നിൽക്കുന്നതിന് അമേരിക്കയ്‌ക്ക് "വലിയൊരു തുക പ്രതിഫലമായി ലഭിക്കും' –ട്രംപ് ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
ഇറാന്റെ തീരദേശ താവളങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ശക്തമായ വ്യോമാക്രമണമാണ് അമരിക്ക നടത്തുന്നത്. മിസൈൽ-,ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ, വെടിമരുന്ന് സംഭരണശാലകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഇറാനിലെ 140 ഓളം ലക്ഷ്യസ്ഥാനങ്ങളിൽ ഞായറാഴ്ച പുലർച്ചെ യുഎസ് സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ ആഴ്ച നടന്ന രണ്ട് റൗണ്ട് ആക്രമണങ്ങളേക്കാൾ വളരെ ശക്തമായ ആക്രമണമാണിത്. തെക്കുപടിഞ്ഞാറൻ ഇറാനിലെ എണ്ണ ഉൽപ്പാദന മേഖലയായ ഖുസെസ്‌താൻ പ്രവിശ്യയിലടക്കം ആക്രമണങ്ങളിൽ 24 പേർ കൊല്ലപ്പെട്ടു. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ആക്രമിച്ചെന്ന് ഇറാൻ അറിയിച്ചു.
ഒമാനിലെ റഡാർ സംവിധാനങ്ങൾ തകർത്തതായും ബഹ്‌റൈനിലെ ജുഫൈറിലുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലും ഷെയ്ഖ് ഈസ ബേസിലും നാശനഷ്‌ടങ്ങൾ വരുത്തിയതായും ഇറാൻ അവകാശപ്പെട്ടു. ജോർദാനിലെ പ്രിൻസ് ഹസ്സൻ എയർ ബേസിലെ ഇന്ധന ടാങ്കുകൾക്കും വെടിക്കോപ്പ് സംഭരണശാലകൾക്കും തീപിടിച്ചു. ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഞായറാഴ്ചത്തെ ആക്രമണങ്ങൾ ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ, കൂടാതെ ഇറാനുമായി കടലിടുക്ക് പങ്കിടുന്ന ഒമാൻ വരെ നീണ്ടതോടെ യുദ്ധം വീണ്ടും വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.
പടിഞ്ഞാറൻ രാജ്യങ്ങളും ഇറാനും തമ്മിലുള്ള ചർച്ചകളിൽ ദീർഘകാലമായി മധ്യസ്ഥത വഹിക്കുന്ന ഒമാൻ, ഇറാനിയൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ആക്രമണത്തെ ശക്തമായി അപലപിച്ചു. ഇതിനിടെ, സന അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയതായി യമനിലെ ഇറാൻ പിന്തുമയുള്ള ഹൂതി വിമതർ പറഞ്ഞു. ശക്തമായ തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നല‍്കി. ഇറാഖിലെ കുർദിസ്ഥാൻ മേഖല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാനിയൻ കുർദിഷ് പ്രതിപക്ഷ ഗ്രൂപ്പിന്റെ സായുധ വിഭാഗത്തിന്റെ താവളത്തിന് നേരെ തിങ്കളാഴ്ച ഡ്രോൺ ആക്രമണം ഉണ്ടായി.
റഷ്യൻ ഡൂംസ്‌ഡേ വിമാനം ഇറാനിൽ
സംഘർഷം കടുക്കുന്നതിനിടെ, റഷ്യ അത്യാധുനിക എയർബോൺ കമാൻഡ് എയർക്രാഫ്റ്റ് ഇറാനിലെത്തിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ സെെന്യത്തെ ആകാശത്തിരുന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന പ്രത്യേക വിമാനമാണിത്. "ഡൂംസ്‌ഡേ വിമാനം' എന്നാണ് വിളിപ്പേര്. ഇറാന് പരസ്യമായി സഹായം നൽകിയതിലൂടെ അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പാണ് റഷ്യ നൽകുന്നത്.










0 comments