എച്ച് 1ബി വിസ നിയന്ത്രണത്തിൽ മലക്കം മറിഞ്ഞ് ട്രംപ്, വിദഗ്ദ്ധരെ ആവശ്യമുണ്ടെന്ന് വിശദീകരണം

വാഷിങ്ടൺ: എച്ച്-1ബി വിസയുടെ കാര്യത്തിലും മലക്കം മറിഞ്ഞ് യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. രാജ്യത്തിന് കൂടുതൽ വിദഗ്ദ്ധരെ ലഭിക്കാൻ ഈ വിസ സംവിധാനം ആവശ്യമാണെന്ന് പറഞ്ഞു.
ഫോക്സ് ന്യൂസ് അവതാരക ലോറ ഇംഗ്രഹാമിനോടുള്ള അഭിമുഖത്തിലാണ് ഇതുവരെ കടുത്ത നിലപാട് പുലർത്തിയിരുന്ന ട്രംപിന്റെ ചാഞ്ചാട്ടം.
“ഒരു വിദേശ നിക്ഷേപകന് തൊഴിൽരഹിതരായവരെ തെരുവിൽ നിന്ന് എടുത്ത് മിസൈൽ നിർമ്മാണശാലയിൽ ജോലിക്ക് വെക്കാനാകില്ല. അതിനാൽ ആവശ്യമായ ടാലന്റ് വിദേശങ്ങളിൽ നിന്നു കൊണ്ടുവരേണ്ടി വരും.” എന്നായിരുന്നു പ്രതികരണം.
“അമേരിക്കയിൽ തന്നെ വേണ്ടത്ര കഴിവുള്ളവർ ഉണ്ടല്ലോ” എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, “അങ്ങനെയല്ല, ചില മേഖലകളിൽ അത്രയും കഴിവില്ല. ചിലത് പഠിക്കേണ്ടതുണ്ട്.” എന്നും പ്രതികരിച്ചു.
ജോർജിയയിലെ ബാറ്ററി നിർമ്മാണ ശാലകളെ പരാമർശിച്ച് ഇത് ന്യായീകരിക്കയും ചെയ്തു. “അവിടെ ദക്ഷിണ കൊറിയയിൽ നിന്നുള്ള പരിചയസമ്പന്നരായ തൊഴിലാളികൾ ബാറ്ററികൾ നിർമ്മിക്കാൻ എത്തിയിരുന്നു. അതൊരു അപകടസാധ്യതയേറിയ, സങ്കീർണ്ണമായ ജോലി ആണ്. എന്നാൽ അവരെ പുറത്താക്കണമെന്ന് ചിലർ ആവശ്യപ്പെട്ടു. പക്ഷേ, അങ്ങനെ ചെയ്താൽ ആ ഫാക്ടറി എങ്ങനെ പ്രവർത്തിക്കും?” എന്നായിരുന്നു മറു ചോദ്യം.
എതിർ നടപടികൾ തുടരുന്നു
അതേ സമയം ട്രംപ് ഭരണകൂടം എച്ച്-1ബി വിസയ്ക്ക് എതിരെ ശക്തമായ നടപടി തുടരുകയാണ്. അടുത്തിടെ 175 അന്വേഷണങ്ങൾ വിസയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് ആരംഭിച്ചതായി യു എസ് ലേബർ ഡിപ്പാർട്ട്‌മെന്റ് കണക്കുകൾ പുറത്തു വിട്ടിരുന്നു.
നിലവിലുള്ള പ്രസിഡൻഷ്യൽ ഉത്തരവനുസരിച്ച് സെപ്റ്റംബർ 21 നുശേഷം സമർപ്പിക്കുന്ന അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് അടക്കേണ്ടതായി വരും. ഇത് 80 ലക്ഷം രൂപവരെയാവും. മുമ്പ് തൊഴിലുടമയുടെ സാഹചര്യം അനുസരിച്ച് ഓരോ അപേക്ഷയ്ക്കും $2,000 മുതൽ $5,000 വരെയായിരുന്നു.
യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് കഴിഞ്ഞയാഴ്ച നിയന്ത്രണം നീക്കാൻ ആവശ്യപ്പെട്ട് നൽകിയ കേസ് ശക്തമായി നേരിടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രധാന മുൻഗണന, അമേരിക്കൻ തൊഴിലാളികളെ ഒന്നാമതെത്തിക്കുകയും വിസ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണെന്ന് അവകാശപ്പെടുകയും ചെയ്തു.

മുക്കാൽ പങ്കും ഇന്ത്യക്കാർ
യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പ്രകാരം സമീപ വർഷങ്ങളിൽ അംഗീകൃത എച്ച്-1ബി അപേക്ഷകളിൽ 71 ശതമാനവും ഇന്ത്യക്കാരാണ്.
താൽക്കാലികമായി ജോലി ചെയ്യുന്നതിന് ഉയർന്ന വിദ്യാഭ്യാസമുള്ള വിദേശ പ്രൊഫഷണലുകൾക്ക് അനുവദിക്കുന്നതാണ് ഇത്. ഈ ജോലികൾക്ക് കുറഞ്ഞത് ഒരു ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യമോ ആവശ്യമാണ്, കൂടാതെ സിവിൽ എഞ്ചിനീയർമാർ, സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഗവേഷകർ തുടങ്ങിയ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. സാധാരണയായി, H-1B വിസയുടെ പ്രാരംഭ കാലാവധി മൂന്ന് വർഷമാണ്, പക്ഷേ ആറ് വരെ നീട്ടാം. ഫീസ് കൂട്ടിതയതിന് ഒപ്പം സ്വാഭാവിക രീതിയിൽ കാലാവധി ദീർഘിപ്പിക്കുന്നതും തടഞ്ഞിരിക്കയാണ്.
2025 സാമ്പത്തിക വർഷത്തിൽ എച്ച്-1ബി ജീവനക്കാരുടെ ഏറ്റവും വലിയ സ്പോൺസർ ആമസോൺ ആയിരുന്നു, വിസ ഉപയോഗിച്ച് 10,000-ത്തിലധികം പേർക്ക് ജോലി നൽകി, തുടർന്ന് മൈക്രോസോഫ്റ്റ്, മെറ്റാ, ആപ്പിൾ, ഗൂഗിൾ, കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ്, ജെപി മോർഗൻ ചേസ്, വാൾമാർട്ട് തുടങ്ങിയ മറ്റ് ഗാർഹിക കമ്പനികളും രംഗത്ത് എത്തി. നിയന്ത്രണം ഇവരുടെ പ്രവർത്തനത്തെ മാത്രമല്ല രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനത്തെ വരെ ബാധിക്കും എന്ന് പഠനങ്ങൾ ഉണ്ടായിരുന്നു.
H-1B തൊഴിലാളികൾ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്വദേശികളായ തൊഴിലാളികൾക്കുള്ള തൊഴിൽ അവസരങ്ങളെ പൂരിപ്പിക്കയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പുറത്തു വരികയും ചെയ്തിരുന്നു.










0 comments