ad
Deshabhimani

“അടുത്ത ലക്ഷ്യം ക്യൂബ” വെനസ്വേലയ്ക്കും ഇറാനും പിന്നാലെ ഭീഷണി മുഴക്കി ട്രംപ്

trump
വെബ് ഡെസ്ക്

Published on Mar 28, 2026, 12:29 PM | 2 min read

മിയാമി: വെനസ്വേലയിലും ഇറാനിലും അമേരിക്ക നടത്തിയ സൈനിക അതിക്രമങ്ങൾക്ക് പിന്നാലെ ക്യൂബയ്‌ക്കെതിരെ മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിയാമിയിൽ നടന്ന ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിക്കവെയാണ് “അടുത്തത് ക്യൂബയാണ്” എന്ന് ട്രംപ് ഭീഷണി മുഴക്കിയത്.


താൻ കെട്ടിപ്പടുത്ത കരുത്തുറ്റ സൈന്യത്തെ എപ്പോഴും ഉപയോഗിക്കേണ്ടി വരില്ലെന്നും എന്നാൽ ചില സമയങ്ങളിൽ അത് ആവശ്യമാണെന്നും ട്രംപ് അവകാശപ്പെട്ടു. "ക്യൂബയാണ് അടുത്തത്, പക്ഷേ ഞാൻ ഇത് പറഞ്ഞതായി കരുതേണ്ട"എന്ന് പതിവ് ശൈലിയിലാണ് ഭീഷണി. കടുത്ത ഇന്ധനക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന ഹവാനയിലെ സർക്കാർ ഉടൻ വീഴുമെന്നും അവകാശപ്പെട്ടു.


അമേരിക്കൻ ഉപരോധങ്ങളാണ് ക്യൂബയെ ഞെരുക്കുന്നത്. ജനുവരിയിൽ യുഎസ് സൈനിക അതിക്രമത്തിലൂടെ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയത് ക്യൂബയെ സാരമായി ബാധിച്ചു. ക്യൂബയ്ക്ക് ആവശ്യമായ എണ്ണ നൽകിയിരുന്നത് വെനസ്വേലയായിരുന്നു. എന്നാൽ പുതിയ വെനസ്വേലൻ സർക്കാർ അമേരിക്കയുടെ സമ്മർദ്ദത്തെത്തുടർന്ന് ക്യൂബയിലേക്കുള്ള എണ്ണ കയറ്റുമതി നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ്.


അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡിയാസ്-കാനൽ സ്ഥിരീകരിച്ചു. ചർച്ചകൾക്കായി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യൂബൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നത്.


മാർച്ച് ആദ്യവാരത്തിലും ക്യൂബയിലെ ഭരണം അട്ടിമറിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ക്യൂബ അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപ് അന്ന് അവകാശപ്പെട്ടത്. നിലവിൽ ക്യൂബയിലെ വൈദ്യുതി നിലയങ്ങളും ഗതാഗത സംവിധാനങ്ങളും എണ്ണയില്ലാത്തതിനാൽ സ്തംഭനാവസ്ഥയിലാണ്. ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്നാലെ ലാറ്റിൻ അമേരിക്കൻ മേഖലയിൽ പൂർണ്ണ നിയന്ത്രണം കയ്യിലാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.


നേരത്തെ തുടങ്ങി വെച്ച അധിനിവേശ ലക്ഷ്യം


ബരാക് ഒബാമയുടെ കാലത്ത് ക്യൂബയുമായി സ്ഥാപിച്ച നയതന്ത്ര ബന്ധങ്ങൾ (Cuban Thaw) ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് തന്നെ റദ്ദാക്കിയിരുന്നു. ക്യൂബയിലേക്കുള്ള യാത്രകൾക്കും വ്യാപാരത്തിനും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്യൂബയെ 'ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം' (State Sponsor of Terrorism) എന്ന പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തി ഭീഷണി തുടര്‍ന്നു.


ഈ മാസം ആദ്യം ട്രംപ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. ക്യൂബയെ ഒരു "സൗഹൃദപരമായ ഏറ്റെടുക്കലിന്" വിധേയമാക്കുമെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ തന്നെ "അത് അത്ര സൗഹൃദപരമാകണമെന്നില്ല" എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.


മുൻപ് സാമ്പത്തിക ഉപരോധങ്ങളിലൂടെയായിരുന്നു ട്രംപ് ക്യൂബയെ തകര്‍ക്കാൻ ശ്രമിച്ചത്. ഇപ്പോൾ അത് നേരിട്ടുള്ള സൈനിക നടപടിയിലേക്കോ അല്ലെങ്കിൽ ഭരണകൂടത്തെ പൂർണ്ണമായും മാറ്റിമറിക്കുന്ന തരത്തിലുള്ള ഇടപെടലിലേക്കോ മാറാം എന്ന സൂചനയാണ് നൽകുന്നത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home