print edition ഇറാന്റെ നിബന്ധന തള്ളി; വീണ്ടും ട്രംപിന്റെ ഭീഷണി

വാഷിങ്‌ടൺ: ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ പുതിയ നിബന്ധന മുന്നോട്ടുവച്ചത് പരിഗണിക്കാതെ, ഭീഷണി തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. "ഇറാന് കാര്യങ്ങൾ കൃത്യമായി ചെയ്യാൻ കഴിയുന്നില്ല. എത്രയും വേഗം ബുദ്ധിപൂർവം പ്രവർത്തിക്കുന്നതാണ് അവർക്ക് നല്ലത്' –ട്രംപ് സാമൂഹമാധ്യമത്തില്‍ കുറിച്ചു.
അതേസമയം, ഇറാനെതിരായ സൈനിക നടപടികളില്‍ ഇതുവരെ 2500കോടി ഡോളര്‍ ചെലവായെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, യുഎസ് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിക്കുമുമ്പാകെ അറിയിച്ചു. ഇതിൽ ഭൂരിഭാഗവും ആയുധങ്ങൾക്കും വെടിക്കോപ്പുകൾക്കുമാണ് ചെലവാക്കിയത്. അവകാശവാദങ്ങളെല്ലാം ഒഴിവാക്കി ഇറാനെ ചർച്ചാ മേശയ്‌ക്ക് മുന്നിലെത്തിക്കാനുള്ള ഇടപെടലാണ് അമേരിക്കന്‍ സൈന്യം ഇപ്പോള്‍ ഇറാനില്‍ നടത്തുന്നതെന്ന് ഹെഗ്‌സെത്ത് കോണ്‍ഗ്രസ് അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.
അതേസമയം, പശ്ചിമേഷ്യന്‍ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചുതുടങ്ങി. യൂറോപ്യൻ യൂണിയന് പ്രതിദിനം 60കോടി ഡോളർ നഷ്‌ടമാണ് ഉണ്ടാകുന്നത്. ഇത് ഇന്ധന വില വർധിക്കുന്നതിനും വിമാന ഇന്ധനത്തിന്റെ ക്ഷാമത്തിനും കാരണമാകുമെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ മുന്നറിയിപ്പ് നൽകി. പ്രതിവാര എണ്ണ ഇറക്കുമതി ചെലവ് 167 ശതമാനം വർധിച്ചെന്ന് പാകിസ്ഥാന്‍ വെളിപ്പെടുത്തി. ഇറാൻ കറൻസിയായ റിയാലിന്റെ മൂല്യം ഡോളറിന് 1.8 ദശലക്ഷം എന്ന റെക്കോർഡ് തകർച്ചയിലെത്തി. ഇറാൻ സമ്പുഷ്‌ടീകരിച്ച യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്‌ഫഹാൻ ആണവ സമുച്ചയത്തിൽ തന്നെയുണ്ടെന്ന് അന്താരാഷ്‌ട ആണവോർജ ഏജൻസി മേധാവി റാഫേൽ ഗ്രോസി പറഞ്ഞു.









0 comments