ad
Deshabhimani

പത്തു ദിവസത്തേക്ക് ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കില്ല: ട്രംപ്

Donald trump
വെബ് ഡെസ്ക്

Published on Mar 27, 2026, 06:07 AM | 1 min read

വാഷിങ്ടൻ: ഇറാന്റെ ഊർജ നിലയങ്ങൾക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ് ട്രംപ്. ചർച്ചകൾ വളരെ നന്നായി നടക്കുന്നുണ്ടെന്നും ഏപ്രിൽ ആറു വരെ ആക്രമണം താൽക്കാലികമായി നിർത്തുകയാണെന്നും തന്റെ ട്രൂത്ത് സോഷ്യൽ പേജിൽ ട്രംപ് കുറിച്ചു.


പേർഷ്യൻ ഭൂപ്രദേശത്ത് അമേരിക്ക കരയാക്രമണം നടത്തിയാൽ, സൂയസ് കനാൽ വഴിയുള്ള ഏഷ്യ- യൂറോപ്പ് ചരക്ക് നീക്കത്തിന്റെ പ്രധാന കവാടമായ ബാബ് അൽ- മന്ദബ് കടലിടുക്കിലേക്ക് സൈനിക നീക്കം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ ദ്വീപുകളിലോ മറ്റ് പ്രദേശങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള കരയാക്രമണം ഉണ്ടായാൽ, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങൾ തുറക്കുമെന്ന്‌ സൈനിക വൃത്തങ്ങൾ അറിയിച്ചു.


അതേസമയം, യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽനിന്ന് ടോൾ പിരിക്കാനുള്ള നിയമനിർമാണത്തിന് ഇറാൻ പാർലമെന്റ് തുടക്കമിട്ടു. മേഖലയുടെ സുരക്ഷ തങ്ങൾ ഉറപ്പാക്കുന്നതിനാൽ ടോൾ ഈടാക്കുന്നത് സ്വാഭാവികമാണെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാൻ വഴി അമേരിക്ക മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ തള്ളിയ ഇറാൻ പകരം അ‍ഞ്ചു നിബന്ധന മുന്നോട്ടുവച്ചതായി റിപ്പോർട്ടുണ്ട്. ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ് പാകിസ്ഥാനിലേക്ക്‌ പോയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്‌. എന്നാൽ ഇറാനെതിരെയുള്ള ആക്രമണം ശക്തമായി തുടരുമെന്നും ഇറാന്റെ നാവിക ആസ്തികൾ പൂർണ്ണമായും തകർക്കുമെന്നുമാണ് ഇസ്രയേലിന്റെ ഭീഷണി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home