ad
Deshabhimani

അമേരിക്കൻ യുദ്ധവെറിക്ക് ഇസ്രയേലിന്റെ പിന്തുണ; ട്രംപുമായി ഫോണിൽ ചർച്ച നടത്തി നെതന്യാഹു

benjamin netanyahu donald trump Image Credit: Reuters

ബെന്യാമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ് | Image Credit: Reuters

വെബ് ഡെസ്ക്

Published on Jul 10, 2026, 09:13 AM | 2 min read

വാഷിംഗ്ടൺ : പശ്ചിമേഷ്യയെ ഒന്നാകെ ചാരമാക്കാൻ അമേരിക്ക അഴിച്ചുവിട്ട വ്യോമാക്രമണങ്ങളെയും സാമ്രാജ്യത്വ അധിനിവേശത്തെയും പൂർണമായി പിന്തുണച്ച് ഇസ്രയേൽ. ഇറാനിലെ തൊണ്ണൂറോളം സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. ഗൾഫ് മേഖലയിലെ അമേരിക്കയുടെ പുതിയ സൈനിക നീക്കങ്ങളെക്കുറിച്ച് ട്രംപ് നെതന്യാഹുവിന് വിശദീകരിച്ചു.


ഇറാനിൽ യുഎസ് നടത്തുന്ന വ്യോമാക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ നെതന്യാഹു ഉടൻ തന്നെ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനിടയിൽ 'ആരാണ് ബോസ് എന്ന് നെതന്യാഹുവിന് കൃത്യമായി അറിയാം' എന്ന് ട്രംപ് നടത്തിയ പ്രസ്താവന, അമേരിക്കൻ താല്പര്യങ്ങൾക്ക് മുന്നിൽ ഇസ്രയേൽ എത്രത്തോളം വിധേയരായാണ് നിൽക്കുന്നത് എന്ന കാര്യം ഉറപ്പിക്കുന്നതാണ്.


ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ പേരുപറഞ്ഞ് ഇറാനെ പൂർണമായി തകർക്കാനാണ് യുഎസ് നീക്കമെന്ന് സെൻട്രൽ കമാൻഡ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര ജലപാതയിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ഇറാനാണ് ഉത്തരവാദിയെന്നാണ് അമേരിക്കയുടെ വാദം. ഇതിനിടയിൽ അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തമാക്കിയതായി നെതന്യാഹുവിന്റെ ഓഫീസും സമ്മതിച്ചു.


പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം മുതലെടുത്ത് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഇസ്രയേലിനെതിരെ പ്രസ്താവന നടത്തുന്നുണ്ടെന്നും അതിനാൽ ഇസ്രയേലിന്റെ അതിർത്തികളിൽ കൂടുതൽ സുരക്ഷാ മേഖലകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും നെതന്യാഹു ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചുറ്റുമുള്ള രാജ്യങ്ങളെയെല്ലാം ഭീഷണിപ്പെടുത്തി സ്വന്തം അധിനിവേശ അതിർത്തി വിപുലീകരിക്കാനാണ് ഇസ്രയേൽ ഈ സാഹചര്യത്തെ ഉപയോഗിക്കുന്നത്.


യുഎസ് ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായത്. വടക്കൻ ജോർദാനിലുള്ള യുഎസിന്റെ പ്രധാന വ്യോമതാവളമായ അൽ-അസ്രഖിന് നേരെ 10 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഐആർജിസി വ്യാഴാഴ്ച ഔദ്യോഗികമായി അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ അമേരിക്കയുടെ പ്രധാന കമാൻഡ് ആൻഡ് കൺട്രോൾ സെന്ററാണ് ഇതെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:20ഓടെ ഐആർജിസി വ്യോമസേനാംഗങ്ങൾ നടത്തിയ ഈ മിസൈൽ വർഷത്തിൽ ശത്രുവിന്റെ കൺട്രോൾ സെന്റർ തകർത്തതായി ഇറാൻ പ്രസ്താവനയിൽ പറയുന്നു. ഇരുപക്ഷവും തമ്മിലുള്ള പോരാട്ടം കൂടുതൽ രൂക്ഷമായതോടെ പശ്ചിമേഷ്യൻ മേഖല ഇപ്പോൾ പൂർണമായി യുദ്ധത്തിന്റെ നിഴലിലാണ്. ഫെബ്രുവരി 28ന് യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് പശ്ചിമേഷ്യൻ യുദ്ധത്തിന് തുടക്കമായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home