188 ദിവസത്തിനിടെ മരിച്ചത് 101 ശുചീകരണ തൊഴിലാളികൾ; 2016ന് ശേഷം മരണനിരക്കിൽ വർധന


സ്വന്തം ലേഖകൻ
Published on Jul 10, 2026, 09:40 AM | 1 min read
ന്യൂഡൽഹി: രാജ്യത്ത് ഓടകളും സെപ്‌റ്റിക് ടാങ്കുകളും മറ്റും വൃത്തിയാക്കുന്ന തൊഴിലാളികൾ ജോലിക്കിടെയുള്ള അപകടങ്ങളിൽ മരിക്കുന്നത് പതിവാകുന്നു. ഇൗ വർഷം 188 ദിവസത്തിനുള്ളിൽ 101 തൊഴിലാളികൾ മരിച്ചതായി സഫായ് കർമചാരി ആന്ദോളൻ (എസ്‌കെഎ) ചൂണ്ടിക്കാണിച്ചു.
ഡൽഹി–എൻസിആർ മേഖലയിൽ മാത്രം 12 പേർ മരിച്ചു. മധ്യപ്രദേശിൽ ഒറ്റദിവസം വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. രാജ്യത്ത് ഒരോ 45 മണിക്കൂറിലും ഒരു ശുചീകരണ തൊഴിലാളിയെങ്കിലും മരിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
2016ന് ശേഷമാണ് മരണനിരക്കിൽ വർധനവുണ്ടായത്. ആ വർഷം 39 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ പിന്നീടുള്ള പത്ത് വർഷക്കാലയളവിൽ മരണനിരക്ക് കുതിച്ചുയർന്നു. മരണങ്ങൾ തുടർക്കഥയായിട്ടും സർക്കാരുകൾ നിസ്സംഗത പുലർത്തുകയാണ്. ശുചീകരണ സംവിധാനങ്ങൾ യന്ത്രവൽക്കരിക്കണമെന്ന് എസ്‌കെഎ ആവശ്യപ്പെട്ടു.











0 comments