തീരുവ വീണ്ടും കൂട്ടി ട്രംപ്; ആഗോള ഇറക്കുമതി ചുങ്കം 15 ശതമാനമാക്കി

ഡോണാൾഡ് ട്രംപ് | Photo: AFP
വാഷിങ്ടൺ ഡി സി: അമേരിക്കൻ സുപ്രീംകോടതിയുടെ നിർണായക വിധിക്ക് തൊട്ടുപിന്നാലെ, വ്യാപാര പങ്കാളികളായ രാജ്യങ്ങൾക്കുള്ള തീരുവ വീണ്ടും വർധിപ്പിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്കുമുള്ള താൽകാലിക തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
രാജ്യങ്ങൾക്ക് മേൽ അധിക തീരുവ അടിച്ചേൽപ്പിച്ചത് പ്രസിഡന്റിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും സാമ്പത്തിക അടിയന്തരാവസ്ഥാ നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ട്രംപിന്റെ നടപടികൾ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിധിയിൽ പ്രകോപിതനായ ട്രംപ്, നിലവിലുള്ള തീരുവകൾക്ക് പുറമെ എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം തീരുവ ഉടൻ ഏർപ്പെടുത്താൻ ഉത്തരവിട്ടിരുന്നു. ഇതാണ് 15 ശതമാനമാക്കി കൂട്ടിയത്.
പതിറ്റാണ്ടുകളായി അമേരിക്കയെ പല രാജ്യങ്ങളും കൊള്ളയടിക്കുകയാണെന്നും, കോടതിയുടെ വിധിപരിഹാസ്യമാണെന്നും സ്വന്തം സാമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ൽ ട്രംപ് പ്രതികരിച്ചു. 1974ലെ യുഎസ് ട്രേഡ് ആക്ട് പ്രകാരം, പ്രസിഡന്റിന് 150 ദിവസത്തേക്ക് 15 ശതമാനം വരെ തീരുവ ചുമത്താൻ അനുവാദമുണ്ട്.
പുതിയ പ്രഖ്യാപനത്തോടെ യുഎസുമായി വ്യാപാരകരാർ ഒപ്പിട്ട രാജ്യങ്ങൾക്ക് 15 ശതമാനം തീരുവയാകും ചുമത്തുക. എന്നാല്‍ ഇന്ത്യ അമേരിക്കയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം 18 ശതമാനമാണ് തീരുവ. 25 ശതമാനം പകരം തീരുവയും 25 ശതമാനം പിഴതീരുവയും ചുമത്തുന്നതിന് മുന്പ് ഇന്ത്യയ്‌ക്ക് 3.5 ശതമാനം തീരുവ മാത്രമാണ് ഉണ്ടായിരുന്നത്.










0 comments