ഒബാമയെയും ഭാര്യയെയും അധിക്ഷേപിച്ച് ട്രംപ്; കുരങ്ങുകളായി ചിത്രീകരിച്ച വീഡിയോ പങ്കുവെച്ചു

ഡോണാൾഡ് ട്രംപ് (ഇടത്), ബരാക് ഒബാമയും മിഷേൽ ഒബാമയും (വലത്) | Photo Credit: X
വാഷിങ്ടൺ ഡി സി: മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെതിരെ വ്യാപക പ്രതിഷേധം. വ്യാഴാഴ്ച ട്രംപിന്റെ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പോസ്റ്റ് ചെയ്ത ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അധിക്ഷേപകരമായ ദൃശ്യങ്ങളുള്ളത്. 2020ലെ തെരഞ്ഞെടുപ്പിൽ ഡൊമിനിയൻ വോട്ടിംഗ് സിസ്റ്റംസ് എന്ന കമ്പനി കൃത്രിമം കാണിച്ചാണ് തന്നെ പരാജയപ്പെടുത്തിയത് എന്ന വ്യാജ ആരോപണങ്ങൾ വീഡിയോയിൽ ട്രംപ് ആവർത്തിക്കുന്നുണ്ട്.
വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തിൽ ചേർത്തുവെച്ച തരത്തിലുള്ളത്. നിരവധി പേർ ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ചു. ബരാക് ഒബാമയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും അടുത്ത സഹായിയുമായ ബെൻ റോഡ്‌സും ട്രംപിനെതിരെ രംഗത്തെത്തി. ട്രംപ് ചരിത്രത്തിലെ ഒരു "കറ"യായി അറിയപ്പെടുമെന്നും അദ്ദേഹത്തിന്റെ അനുയായികൾ വംശീയവാദികളാണെന്നും റോഡ്‌സ് ആരോപിച്ചു.
മുമ്പും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ലോകനേതാക്കളെ ട്രംപ് പരിഹസിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബരാക് ഒബാമ ഓവൽ ഓഫീസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുന്നതും ഓറഞ്ച് ജയിൽ വസ്ത്രം ധരിച്ച് അഴികൾക്കുള്ളിൽ നിൽക്കുന്നതുമായ എഐ വീഡിയോ ട്രംപ് പങ്കുവെച്ചിരുന്നു. പിന്നീട്, കറുത്തവർഗ്ഗക്കാരനായ ഡെമോക്രാറ്റിക് നേതാവ് ഹക്കിം ജെഫ്രീസിനെ മെക്സിക്കൻ തൊപ്പി ധരിപ്പിച്ചുകൊണ്ടുള്ള എഐ ക്ലിപ്പും ട്രംപ് പോസ്റ്റ് ചെയ്തിരുന്നു. അമേരിക്കൻ ചരിത്രത്തിലെ ഏക കറുത്തവർഗ്ഗക്കാരനായ പ്രസിഡന്റാണ് ബരാക് ഒബാമ. 2024ലെ തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന കമല ഹാരിസിനെ ഒബാമ ശക്തമായി പിന്തുണച്ചിരുന്നു.










0 comments