print edition അമേരിക്കൻ തെമ്മാടിത്തം: വെനസ്വേല യുഎസ് ’ഭരിക്കുമെന്ന്’ ട്രംപ്

കരാക്കസ്: ലാറ്റിനമേരിക്കയുടെ സാമ്രാജ്യത്വവിരുദ്ധപോരാട്ടത്തിന്റെ മുന്നണി പടയാളി, വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും രാജ്യത്ത് കടന്നുകയറി വ്യോമാക്രമണം നടത്തി അമേരിക്ക തട്ടികൊണ്ടുപോയി. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് വംശീയവെറിയനായ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെമ്മാടിത്തം. വെനസ്വേല ഭരണം അട്ടിമറിക്കാൻ നടത്തിയ സമ്മർദതന്ത്രങ്ങൾ പരാജയപ്പെട്ടതോടെയാണ് അന്താരാഷ്‌ട്ര നിയമങ്ങളും ജനാധിപത്യമൂല്യങ്ങളും കാറ്റിൽപ്പറത്തിയുള്ള യുഎസ് സേനയുടെ നടപടി. ഇതിനെതിരെ ലോകത്തെങ്ങും പ്രതിഷേധം അണപൊട്ടി. വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റഷ്യ, ചൈന, ബ്രസീൽ, ക്യൂബ, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി.
പുതിയ ഭരണസംവിധാനം വരുന്നതുവരെ വെനസ്വേലയെ യുഎസ് "ഭരിക്കുമെന്ന്’ ട്രംപ് ഫ്ളോറിഡയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘മറ്റാരെങ്കിലും അധികാരമേറി, കുറേ വർഷങ്ങളായി നിലനിൽക്കുന്ന സാഹചര്യം വീണ്ടും ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കൃത്യവും യുക്തിസഹവുമായ ഭരണമാറ്റം സാധ്യമാകുന്നതുവരെ ഞങ്ങൾ ഈ രാജ്യം ഭരിക്കാൻ പോകുകയാണ്. ആവശ്യമെങ്കിൽ ഇതിലും വലുതായ രണ്ടാം ആക്രമണം വെനസ്വേലയിൽ നടത്തും’’– ട്രംപ് പറഞ്ഞു. യുഎസ്എസ് ഇവോ ജിമ എന്ന പടക്കപ്പലിൽ കണ്ണുകെട്ടി കൈവിലങ്ങുമായ് നിൽക്കുന്ന മഡുറോയുടെ ചിത്രവും ട്രംപ് പുറത്തുവിട്ടു.
മഡുറോയ്ക്കും ഭാര്യയ്ക്കും എതിരെ മയക്കുമരുന്ന് കടത്ത്, ആയുധം കൈവശംവയ്‌ക്കൽ തുടങ്ങിയ കുറ്റം ചുമത്തിയതായി യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. എന്നാൽ, നിരവധി അമേരിക്കൻ സെനറ്റർമാർ ജനാധിപത്യവിരുദ്ധ നീക്കത്തെ ചോദ്യംചെയ്-തു. ശനി പുലർച്ചെയാണ് യുഎസ് സൈന്യത്തിലെ പ്രത്യേക അക്രമ വിഭാഗമായ ഡെൽറ്റ ഫോഴ്സ് വെനസ്വേലയിലെ ജനവാസമേഖലകളിൽ അരമണിക്കൂർ നീണ്ട ആക്രമണം നടത്തിയത്.
തലസ്ഥാനമായ കരാക്കസിൽ ഉൾപ്പെടെ ഏഴിടങ്ങളിൽ സ്‌ഫോടനമുണ്ടായി. മിറാൻഡ, അരഗ്വ, ലാ ഗെയ്‌റ എന്നീ സംസ്ഥാനങ്ങളിലും ആക്രമണങ്ങൾ നടന്നു. സൈനികകേന്ദ്രത്തിനു സമീപമുള്ള വസതിയിൽനിന്നാണ് മഡുറോയെയും ഭാര്യയെയും തട്ടികൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. നാവിക, സൈനിക വ്യോമതാവളങ്ങളും വിമാനത്താവളങ്ങളും ആക്രമിക്കപ്പെട്ടു. നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. അമേരിക്കൻ സൈനികർക്ക് പരിക്കേറ്റെങ്കിലും ആളപായം സ്ഥിരീകരിച്ചിട്ടില്ല.
അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചുള്ള അമേരിക്കയുടെ ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിക്കണമെന്ന് വെനസ്വേല യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. മഡുറോയും ഭാര്യയും ജീവിച്ചിരിക്കുന്നുവെന്നതിന് യുഎസ് തെളിവ് നൽകണമെന്ന് വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. മഡുറോയുടെ അഭാവത്തിൽ വൈസ് പ്രസിഡന്റ് അധികാരം ഏറ്റെടുക്കണമെന്ന് നിയമമുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. "സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ’ തെരുവിലിറങ്ങാൻ വെനസ്വേലൻ സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു.
വെനസ്വേലയിലെ അമേരിക്കൻ പക്ഷപാതിയായ പ്രതിപക്ഷ നേതാവും സമാധാന നോബൽ ജേത്രിയുമായ മരിയ കോറിന മച്ചാഡോയെ അധികാരത്തിലെത്തിക്കാൻ സിഐഎ രഹസ്യനീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്. അതിനിടെ യുഎസ് കടന്നുകയറ്റത്തെ മച്ചാഡോ സ്വാഗതംചെയ്തു. മറ്റൊരുരാജ്യത്ത് കടന്നുകയറി ഭരണാധികാരിയെ തട്ടികൊണ്ടുപോയ അമേരിക്കൻ നടപടിയുടെ നിയമസാധുത അന്താരാഷ്ട്ര തലത്തിൽ വൻചർച്ചകൾക്ക് വഴിവെച്ചു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരം അമേരിക്ക അംഗീകരിക്കുന്നില്ല. വെനസ്വേലയുടെ പ്രകൃതിവിഭവങ്ങൾ ലക്ഷ്യമിട്ടുള്ള നിരന്തര സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്നതോടെയാണ് ട്രംപ് കടന്നാക്രമണത്തിലേക്ക് കടന്നത്.
മഡുറോയെ പിന്തുണച്ച് തലസ്ഥാനമായ കരാക്കസിലടക്കം വിവിധ നഗരങ്ങളിൽ പതിനായിരങ്ങൾ തെരുവിലിറങ്ങി.










0 comments