ഭിന്നത മറനീക്കുന്നു
ഇറാനിലേത് ചെറിയ യുദ്ധമെന്ന് ട്രംപ്; തുടരുന്നതിൽ സൈനിക തലവൻമാര്‍ക്കിടയിൽ കടുത്ത അതൃപ്തി

Credit: AP/Jose Luis Magana
വാഷിങ്ടൺ: ഇറാൻ യുദ്ധം തുടരുന്നതിൽ ആശങ്ക ഉന്നയിച്ച് യു എസ് സൈനിക തലവൻമാര്‍ നൽകിയ റിപ്പോര്‍ട് തള്ളി പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപ്. രണ്ടാഴ്ചക്കകം തീര്‍ത്തു തരാം എന്ന് വീമ്പിളക്കി തുടക്കമിട്ട യുദ്ധം ആറുമാസമായിട്ടും തുടരുകയാണ്. യുദ്ധം നീളുന്നതിലെ ആശങ്ക പ്രകടമാക്കുന്നതാണ് സൈനിക തലവൻമാരുടെ റിപ്പോര്‍ട്. "ഇത് വെറും ചെറിയ യുദ്ധം" എന്ന് വിശേഷിപ്പിച്ചാണ് റിപ്പോര്‍ടിലെ ആശങ്ക ട്രംപ് ലളിതവൽക്കരിക്കാൻ ശ്രമിച്ചത്. സൈനിക നേതൃത്വവും ഭരണ നേതൃത്വവും തമ്മിൽ ഇറാൻ യുദ്ധത്തിന്റെ കാര്യത്തിൽ രണ്ടുതട്ടിലായ വിവരങ്ങളാണ് ഇതോടെ വെളിപ്പെടുന്നത്.
'relatively little war' എന്ന വാക് ഉപയോഗിച്ചാണ് ട്രംപ് ഇറാന്റെ ചെറുത്തു നിൽപ് നേരിടുന്നിതിലെ ദുര്‍ബലതകളെ മറയ്ക്കാൻ ശ്രമിച്ചത്. ഓവൽ ഓഫീസിലെ മുഖാമുഖത്തിന് ഇടയിലായിരുന്നു ഇത്. പശ്ചിമേഷ്യയിൽ അമേരിക്ക അകപ്പെട്ടിരിക്കുന്ന യുദ്ധം നീളുന്നത് രാജ്യത്തിന്റെ മറ്റ് ആഗോള സുരക്ഷാ പ്രവര്‍ത്തനങ്ങളെ ബാധിക്കും എന്നായിരുന്നു സൈനിക തലവൻമാരുടെ മുന്നറിയിപ്പ്.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് ആഗസ്ത് 14 ന് നൽകിയ അടിയന്തിര വിലയിരുത്തൽ റിപ്പോര്‍ടിലാണ് (Secretary of Defense Orders Book) സൈനിക തലവൻമാര്‍ തങ്ങളുടെ വിലയിരുത്തലുകൾ വെളിപ്പെടുത്തിയത്. ആറുമാസമായി തുടരുന്ന യുദ്ധത്തിലെ കൂറ്റൻ സൈനിക വിന്യാസം വളരെ കൂടുതലാണ്. ദീര്‍ഘകാലമായി തുടരുന്നു എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളാണ് പുറത്തെത്തിയത്. ഫെബ്രവരി 28 നാണ് ഇസ്രയേലുമായി ചേര്‍ന്ന് അമേരിക്ക ഇറാനെ ആക്രമിച്ചത്.
ആയുധങ്ങളുടെ ക്ഷാമം, കപ്പലുകൾ കൂടുതലായി ഇറാൻ യുദ്ധത്തിൽ കേന്ദ്രീകരിക്കുന്നതിലെ പ്രതിസന്ധി സൈനികരിലെ വര്‍ധിച്ചു വരുന്ന സമ്മര്‍ദ്ദം എന്നിവയെല്ലാം റിപ്പോര്‍ട് പരാമര്‍ശിക്കുന്നു. ഇൻഡോ പസഫിക്, യൂറോപ്പ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ മേൽനോട്ടം വഹിക്കുന്ന കമാൻഡര്‍ വിയോജിപ്പുകൾ പരസ്യമായി വെളിപ്പെടുത്തിയതും ശ്രദ്ധേയമായി. ചൈന റഷ്യ തുടങ്ങിയ രാജ്യങ്ങളുടെ ഭീഷണി നേരിടുന്നതിൽ സൈന്യത്തിന്റെ സജ്ജത ഇറാൻ യുദ്ധം മൂലം വെല്ലുവിളി നേരിടുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ.
ഈ പശ്ചാലത്തിലാണ് കഴിഞ്ഞ ദിവസം യു എസ് ലാറക് ദ്വീപിലുള്ള ഇറാന്റെ മിസൈൽ വിന്യാസത്തെ ആക്രമിച്ച് ശ്രദ്ധ തിരിച്ചത്. ഇതിനു മറുപടിയായി ജോര്‍ദാനിലെയും യു എ ഇയിലെയും യു എസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. പൂര്‍ണ സാമ്പത്തിക ഉപരോധം എന്ന നിലയിൽ യുദ്ധത്തെ മാറ്റാനുള്ള ട്രംപിന്റെ പ്രഖ്യാപനം ഉണ്ടായി. തൊട്ടുപിന്നാലെ സൈനിക ഇടപെടലിലേക്ക് വീണ്ടും കാര്യങ്ങൾ മാറി. ഇതിന് പിന്നിൽ റിപ്പോര്‍ടിൽ നിന്നും ശ്രദ്ധ തെറ്റിക്കാനുള്ള ട്രംപിന്റെ ശ്രമവും വിലയിരുത്തപ്പെടുന്നു. രണ്ടു മാസത്തിനകം അമേരിക്കയിൽ മിഡ് ടേം തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്.









0 comments