print edition 'ഗ്രീൻലൻഡ് കിട്ടിയേതീരൂ, ബലം പ്രയോഗിക്കില്ല' ; ലോക സാമ്പത്തിക ഫോറത്തിൽ ട്രംപ്

ദാവോസ്
അമേരിക്കയുടെ സുരക്ഷയ്‌ക്ക് ഗ്രീൻലൻഡ് അത്യന്താപേക്ഷിതമാണെന്നും വടക്കേ അമേരിക്കയുടെ ഭാഗമാണ് ഇൗ ദ്വീപെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാം ലോകയുദ്ധ സമയത്ത് യുഎസ് സേന ദ്വീപിലുണ്ടായിരുന്നു. യുഎസ് ആണ് ഡെൻമാർക്കിന് ദ്വീപ് കൈമാറിയത്. ഡെൻമാർക്കിന് അതിന്റെ നന്ദിയില്ലെന്നും ട്രംപ് ലോക സാന്പത്തിക ഫോറത്തിൽ സംസാരിക്കവെ ട്രംപ് പറഞ്ഞു. ഗ്രീൻലൻഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബലം പ്രയോഗിക്കില്ലെങ്കിലും അടിയന്തര ചർച്ചകൾ ആവശ്യമാണ്. ഇൗ ദ്വീപിനെ സംരക്ഷിക്കാൻ യുഎസിനേ കഴിയൂ. ഗ്രീൻലൻഡിനുമേലുള്ള യുഎസ് നിയന്ത്രണം നാറ്റോയ്‌ക്ക് ഭീഷണിയാകില്ല. യൂറോപ്പ് സ്വയം നശിപ്പിക്കുകയാണ്. തെറ്റായ ദിശയിലൂടെയാണ് അവരുടെ സഞ്ചാരം. യുഎസ്എ ലോകത്തിന്റെ സാമ്പത്തിക എൻജിനാണ്. അമേരിക്ക കുതിച്ചുയരുമ്പോൾ, ലോകം മുഴുവൻ കുതിച്ചുയരുമെന്നതാണ് ചരിത്രം. കാനഡയ്‌ക്ക് യുഎസിൽനിന്ന് ധാരാളം സൗജന്യങ്ങൾ ലഭിക്കുന്നുണ്ട്. ആ രാജ്യം നിലനിൽക്കുന്നതുതന്നെ അമേരിക്കയെക്കൊണ്ടാണ്. അതിന്റെ നന്ദി അവർ കാണിക്കണം.
കാനഡ പ്രധാനമന്ത്രി മാർക് കാർണിയുടെ പ്രസംഗം അദ്ദേഹം നന്ദിയില്ലാത്തവനാണെന്ന് തെളിയിക്കുന്നതാണെന്നും ട്രംപ് ആരോപിച്ചു. ഗ്രീൻലൻഡിനെ ഏറ്റെടുക്കുന്നത് എതിർക്കുന്ന ഡെൻമാർക്ക്, നോർവെ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യു കെ, നെതർലാൻഡ്‌സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ൧൦ ശതമാനം അധിക തീരുവ ട്രംപ് ചുമത്തിയിരുന്നു. തീരുവ പ്രഖ്യാപനത്തെ വിമർശിച്ച് യൂറോപ്യൻ യൂണിയൻ നേതാക്കൾ രംഗത്തെത്തിയിരുന്നു. ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള തർക്കത്തിൽ യൂറോപ്പിനെ സമ്മർദത്തിലാക്കാൻ നോക്കുകയാണ് ട്രംപ്. ട്രംപിന്റെ സമ്മർദത്തിന് വഴങ്ങില്ലെന്ന് യുകെ പ്രധാനമന്ത്രി കെയിർ സ്‌റ്റാമർ പ്രതികരിച്ചു.










0 comments