ad
Deshabhimani

print edition ട്രംപ്‌ ഇന്ന്‌ ചൈനയിലെത്തും

Trump

ഡോണൾഡ് ട്രംപ്‌

വെബ് ഡെസ്ക്

Published on May 13, 2026, 12:00 AM | 2 min read

ബീജിങ്‌: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ബുധനാഴ്‌ച ബീജിങ്ങിൽ എത്തും. ഇറാനെതിരായ യുഎസ്-–ഇസ്രയേൽ- യുദ്ധത്തെ തുടർന്ന്‌ ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോള ഊർജ പ്രതിസന്ധി രൂക്ഷമായ പശ്‌ചാത്തലത്തിലാണ് സന്ദർശനം.


ഇറാൻ വിഷയത്തിൽ ചൈനയുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന ബോധ്യത്തിൽ, മറ്റ് ഉഭയകക്ഷി വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വൈറ്റ്ഹൗസിന്റെ തീരുമാനമെന്നാണ്‌ റിപ്പോർട്ട്‌. വ്യാപാരം, മയക്കുമരുന്നുകടത്ത് തടയൽ തുടങ്ങിയവ മുഖ്യ ചർച്ചാവിഷയമാകും. വ്യാപാരക്കരാറിനെക്കുറിച്ചും ചർച്ചചെയ്യും. ഇറാനിലേക്ക് ചൈന ആയുധങ്ങൾ നൽകുന്നുവെന്നാരോപിച്ച്‌ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട്‌ അത്‌ പിൻവലിച്ചു. ഇറാൻ വിഷയം മറ്റ് സുപ്രധാന കരാറുകളെ ബാധിക്കരുതെന്ന് അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ അഭിപ്രായപ്പെട്ടു.


അതേസമയം, ഇറാൻ സൈന്യത്തിന് ഉപഗ്രഹ വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ച് മൂന്ന് ചൈനീസ് കമ്പനികൾക്ക് കഴിഞ്ഞദിവസം അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതടക്കം ചർച്ചയാക്കാനാണ്‌ ചൈനയുടെ തീരുമാനം. ഇറാനുമായുള്ള യുഎസ്‌ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സ്ഥിരത ഉറപ്പാക്കാനുമുള്ള നീക്കങ്ങളാകും ചൈന നടത്തുകയെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


ട്രംപിന്റെ വരവിന്‌ മുന്നോടിയായി ഇറാൻ വിദേശമന്ത്രി അബ്ബാസ്‌ അരാഗ്ചിയുമായി ചൈനീസ് വിദേശമന്ത്രി വാങ് യി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇറാന്റെ ആണവ അവകാശങ്ങൾക്ക്‌ പിന്തുണയും പ്രഖ്യാപിച്ചു. ഒൻപത് വർഷത്തിന് ശേഷമാണ് യുഎസ്‌ പ്രസിഡന്റ് ചൈന സന്ദർശിക്കുന്നത്.


ഇതിനുമുമ്പ് 2017ൽ ട്രംപ് ചൈന സന്ദർശിച്ചു. ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്‌ചയ്ക്ക്‌ ശേഷം വ്യാഴാഴ്‌ച ട്രംപ്‌ ടെംപിൾ ഓഫ് ഹെവൻ സന്ദർശിക്കും. തുടർന്ന്‌ ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും. വെള്ളിയാഴ്ച ഇരുനേതാക്കളും കൂടിക്കാഴ്ച തുടരും.


ബ്രിക്‌സ്‌ യോഗത്തിൽ ചൈനീസ് മന്ത്രി പങ്കെടുക്കില്ല


ബീജിങ്‌: ന്യൂഡൽഹിയിൽ വ്യാഴാഴ്ച നടക്കുന്ന ബ്രിക്‌സ്‌ വിദേശമന്ത്രിമാരുടെ യോഗത്തിൽ ചൈനീസ് വിദേശമന്ത്രി വാങ് യി പങ്കെടുക്കില്ല. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചൈനീസ് സന്ദർശനവും ഇതേദിവസങ്ങളിൽ ആയതിനാലാണ്‌ വാങ് യി പങ്കെടുക്കാത്തത്‌. ഇന്ത്യയിലെ സ്ഥാനപതി സു ഫെയ്‌ഹോങ് യോഗത്തിൽ ചൈനയെ പ്രതിനിധീകരിക്കും.


ബ്രിക്‌സ്‌ യോഗത്തിൽ പങ്കെടുക്കാൻ ഇറാൻ വിദേശമന്ത്രി അബ്ബാസ് അരാഗ്ചി ബുധനാഴ്ച ഡൽഹിയിലെത്തും. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home