വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

പ്രതീകാത്മക ചിത്രം
കൊല്ലം: വീട് ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. പവിത്രേശ്വരം പഞ്ചായത്തിലെ എസ്എൻപുരം സത്യവാൻമുക്കിനു സമീപം രാഗേഷ് ഭവനിൽ സി രവി (62)യാണ് വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചത്. രവിയുടെ ഭാര്യ ഗീതയുടെ പേരിലുള്ള ഏഴര സെന്റ് വസ്തുവിൽ വീട് നിർമാണത്തിനായി മകൻ രാഗേഷ് കൊട്ടാരക്കരയിലെ സ്വകാര്യ ബാങ്കിൽ നിന്ന് 2022ൽ 25 ലക്ഷം രൂപ വായ്പയെടുത്തു.
ഈ വായ്പ പിന്നീട് മറ്റൊരു സ്വകാര്യ ബാങ്കിലേക്ക് മാറ്റുകയും ചെയ്തു. തിരിച്ചടവ് മുടങ്ങിയതോടെ കുടിശിക ഉൾപ്പെടെ തുക 28,91,091 രൂപയായി ഉയർന്നു. ഇതോടെ വീട് ബാങ്ക് ജപ്തി ചെയ്തു. കഴിഞ്ഞ ജൂൺ 22 നായിരുന്നു ബാങ്ക് നടപടികൾ. തുടർന്ന് രാഗേഷും കുടുംബവും വാടകവീട്ടിലേയ്ക്ക് മാറി. എന്നാൽ രവി വീടിന്റെ സിറ്റൗട്ടിൽ തന്നെ കഴിയുകയായിരുന്നു.
താനെടുത്ത വായ്പയ്ക്ക് 20 വർഷത്തെ കാലാവധിയുണ്ടായിരുന്നുവെന്നാണ് രാഗേഷ് പറയുന്നത്. ഇടയ്ക്ക് അമ്മയുടെ കൈക്ക് അസുഖം ബാധിച്ചതിനാൽ ചികിത്സയ്ക്ക് സാമ്പത്തിക ബാധ്യത വന്നത് തിരിച്ചടിയായി. ഈ സമയം വായ്പയുടെ തിരിച്ചടവ് മുടങ്ങി. നാലര ലക്ഷം രൂപയോളം തിരിച്ചടച്ചിരുന്നുവെന്നും ഒരു വർഷത്തെ തവണ മുടങ്ങിയതോടെയാണ് കാലാവധിയുണ്ടായിട്ടും ബാങ്ക് അധികൃതർ വീട്ടിൽ നിന്നിറക്കിവിട്ടതെന്നും രാഗേഷ് ആരോപിച്ചു.
എന്നാൽ, മുന്നറിയിപ്പു നൽകിയിട്ടും വായ്പ തിരിച്ചടയ്ക്കാത്തതിനാൽ ജപ്തിയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നെന്നും നിയമാനുസൃത നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും ബാങ്ക് അധികൃതർ പറഞ്ഞു. മുൻപ് കെഎസ്ആർടിസി എംപാനൽ ഡ്രൈവറായിരുന്ന രവി നിലവിൽ തൊഴിലുറപ്പ് ജോലി ചെയ്തു വരികയായിരുന്നു.









0 comments