ലെബനനിൽ 10 ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്

ഡോണാൾഡ് ട്രംപ് | Photo:AFP
വാഷിങ്ടൺ ഡി സി: ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ (ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെ) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്തു.
ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വെടിനിർത്തലിന് തീരുമാനമായതെന്ന് ട്രംപ് അവകാശപ്പെട്ടത്. എന്നാൽ ഇസ്രായേലുമായി ഏറ്റുമുട്ടുന്ന, ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധ സംഘടനയായ ഹിസ്ബുള്ളയെക്കുറിച്ച് ട്രംപിന്റെ പ്രസ്താവനയിൽ പരാമർശമില്ല.
"വാഷിംഗ്ടൺ ഡിസിയിൽ വെച്ച് 34 വർഷത്തിന് ശേഷം ആദ്യമായി ഇരുരാജ്യങ്ങളും കൂടിക്കാഴ്ച നടത്തി. ശാശ്വതമായ സമാധാനം കൈവരിക്കുന്നതിനായി ഇസ്രായേലുമായും ലെബനനുമായും ചേർന്ന് പ്രവർത്തിക്കാൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി റൂബിയോ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ എന്നിവർക്ക് ഞാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഒമ്പത് യുദ്ധങ്ങൾ പരിഹരിക്കാൻ കഴിഞ്ഞത് എന്റെ ബഹുമതിയായി ഞാൻ കരുതുന്നു, ഇത് എന്റെ പത്താമത്തെ യുദ്ധമായിരിക്കും. അതിനാൽ, നമുക്കിത് പൂർത്തിയാക്കാം"- ട്രംപ് പോസ്റ്റിൽ അവകാശപ്പെട്ടു.
ഇസ്രായേലുമായുള്ള താൽക്കാലിക വെടിനിർത്തൽ കരാറിനെ ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം സ്വാഗതം ചെയ്തതായി വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ലെബനൻ ഇത്തരമൊരു വെടിനിർത്തൽ ആവശ്യപ്പെട്ടിരുന്നു. ഈ കരാർ സംഘർഷം മൂലം കുടിയിറക്കപ്പെട്ടവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ അവസരമൊരുക്കുമെന്ന് ലെബനൻ പ്രധാനമന്ത്രി പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഒരു മാസത്തിലേറെയായി ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷൺ തുടരുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വാഷിംഗ്ടണിൽ വെച്ച് ലെബനനും ഇസ്രായേലും പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ആദ്യ നേരിട്ടുള്ള നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുമായി നടത്തുന്ന ചർച്ചകൾ പ്രഹസനമാണെന്നാണ് ഹിസ്ബുള്ള തലവൻ നയീം ഖാസം പ്രതികരിച്ചത്.
ഇറാനിൽ ഇസ്രയേലും യുഎസും നടത്തിയ കടന്നാക്രമണത്തിനു പിന്നാലെയാണ് ഹിസ്ബുള്ളയെ ലക്ഷ്യം വച്ചെന്ന പേരിൽ ലെബനനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചത്.









0 comments