പ്രതികാര ചുങ്കത്തിന് ബദൽ തേടി യുഎസ് ചാര സംഘം, ഇന്ത്യയിലെ കയറ്റുമതി സ്ഥാപനങ്ങളും വ്യാവസായിക കാര്‍ഷിക മേഖലകളും ലക്ഷ്യത്തിൽ


എൻ എ ബക്കർ
Published on Mar 12, 2026, 02:19 PM | 4 min read
വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടം വിദേശ രാജ്യങ്ങളിലെ ഉത്പാദന മേഖലയെയും കയറ്റുമതി സ്ഥാപനങ്ങളെയും സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തുന്നു. വ്യാപാര മേഖലയിലെ പ്രതികാര നികുതി കോടതി തടഞ്ഞതിലെ നഷ്ടം പരിഹരിക്കാനും പുതിയ ചൂഷണങ്ങൾക്ക് വഴി തുറക്കാനും മാര്‍ഗ്ഗം തേടുകയാണ്.
1974 ലെഅമേരിക്കൻ ട്രേഡ് ആക്ടിലെ സെക്ഷൻ 301 ന്റെ മറപിച്ചാണ് അന്വേഷണം. ഫലത്തിൽ ചാര പ്രവര്‍ത്തനമാണെങ്കിലും ഇതര രാജ്യങ്ങളുടെ ഉത്പാദനവും വിപണിയും കയറ്റുമതി ശൃംഖലയും പഠിക്കുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ പ്രതികാര നികുതി പിരിവ് ഫെബ്രുവരിയിലെ സുപ്രീം കോടതി വിധിയെ തുടർന്ന് നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു. ഇതുവരെ പിഴിഞ്ഞെടുത്ത തുക മുഴുവൻ തിരിച്ച് നൽകാനും കോടതി പറഞ്ഞിട്ടുണ്ട്. ഇത് വലിയ ബാധ്യതയാണ്. നഷ്ടപ്പെട്ട നൂറുകണക്കിന് കോടി ഡോളറിന്റെ വരുമാനം വീണ്ടെടുക്കേണ്ടതുണ്ട്. അനിശ്ചിതത്വം നേരിടുന്ന സാമ്പത്തിക മേഖലയെ കരകയറ്റാൻ പുതിയ വരുമാന മാര്‍ഗ്ഗങ്ങളും സൃഷ്ടിക്കേണ്ടതുണ്ട്. അമേരിക്കയ്ക്ക് പല മേഖലകളിലും "ഗണ്യമായ ആഭ്യന്തര ഉൽപാദന ശേഷി നഷ്ടപ്പെട്ടു" അല്ലെങ്കിൽ "വിദേശ എതിരാളികൾക്ക് പിന്നിലായി" എന്ന് വിലയിരുത്തൽ ഉണ്ട്.
പ്രതിസന്ധിക്ക് മറയിടാനും മറികടക്കാനും പുതിയ രീതിയിലുള്ള താരിഫുകൾ, വ്യാപാര കരാറുകൾ, സമ്മര്‍ദ്ദ തന്ത്രങ്ങൾ, വ്യവസായ കാര്‍ഷിക മേഖലകളെ കീഴ്പ്പെടുത്താനുള്ള തന്ത്രങ്ങൾ, എന്നിവ ആവിഷ്കരിക്കാൻ രഹസ്യാന്വേഷണ വിവരങ്ങൾ സമാഹരിക്കായാണ്. യു എസ് സെൻസസ് ഏജൻസിയും ട്രേഡ് ഫ്രോഡ് ടാസ്ക് ഫോഴ്സും നേരത്തെ തന്നെ ഇതിനായി ഡാറ്റാ മൈനിങ് ആരംഭിച്ചിരുന്നു. സമാഹരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ നിയമങ്ങൾ ഉപയോഗിച്ച് പുതിയ ഇറക്കുമതി ചുങ്കം ഏർപ്പെടുത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു.
ഇറാനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഇടക്കാല തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിലും പുതിയ താരിഫ് നിര്‍ബന്ധമായിരിക്കുന്നു എന്നാണ് യു എസ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. പൊതുജനങ്ങൾക്ക് താരിഫ് റീഫണ്ട് നൽകണമെന്ന് ഊന്നിപ്പറഞ്ഞ് ഡെമോക്രാറ്റുകൾ ട്രംപിന്റെ റിപ്പബ്ലിക്കൻ സഖ്യകക്ഷികൾക്കെതിരെ മത്സരിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ട്രംപ് പക്ഷം രാഷ്ട്രീയ സമ്മര്‍ദ്ദവും നേരിടുന്നു.
യുഎസ് ട്രേഡ് പ്രതിനിധി വിശദീകരിക്കുന്നു
"നയത്തിൽ മാറ്റമില്ല,ഉപകരണങ്ങളിൽ മാത്രമേ മാറ്റമുണ്ടാകൂ,"എന്നാണ് പുതിയ രഹസ്യാന്വേഷണ പദ്ധതിയെ കുറിച്ച് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രിയർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. അമേരിക്കൻ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അന്വേഷണത്തെ കുറിച്ചോ അതിന്റെ ഫലത്തെയോ കുറിച്ച് മുൻകൂട്ടി പറയാൻ തയ്യാറല്ലെന്ന് ഗ്രിയർ ഒഴിഞ്ഞു മാറി.

ഇന്ത്യ,ചൈന,ഇന്തോനേഷ്യ,മലേഷ്യ,കംബോഡിയ,തായ്ലൻഡ്,ദക്ഷിണ കൊറിയ,വിയറ്റ്നാം,തായ്വാൻ,ബംഗ്ലാദേശ്,മെക്സിക്കോ,ജപ്പാൻ,യൂറോപ്യൻ യൂണിയൻ,സിംഗപ്പൂർ,സ്വിറ്റ്സർലൻഡ്,നോർവേ,എന്നിവയാണ് അന്വേഷണ പരിധിയിലുള്ള പ്രധാന രാജ്യങ്ങൾ എന്നാണ് പുറത്തു വന്നിട്ടുള്ള വിവരം.
ചികയുന്നത് പുതിയ ചൂഷണ മാര്‍ഗ്ഗങ്ങൾ
വിദേശ കമ്പനികൾക്ക് അമേരിക്കൻ കമ്പനികളേക്കാൾ നേട്ടമുണ്ടാക്കി കൊടുക്കുന്ന വ്യാവസായിക ശേഷിയും സർക്കാർ പിന്തുണയും അന്വേഷണത്തിന്റെ ഭാഗമാണ്. യുഎസുമായി നിരന്തരമായി വ്യാപാര മിച്ചമുള്ള രാജ്യങ്ങളുടെ നയങ്ങളും സബ്സിഡികളും തൊഴിലാളി വേതന സംവിധാനങ്ങളും വരെ പഠിക്കുന്നു.
മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഇന്ത്യയുമായി ഉണ്ടാക്കിയ വ്യാപാര കരാര്‍ അന്തിമമാക്കിയിട്ടില്ല. കോടതി വിധിയോടെ ഉണ്ടായ തിരിച്ചടിയുടെ നഷ്ടം കൂടി ചേര്‍ത്ത് കരാറിനെ മാറ്റി കൂടുതൽ ലാഭകരമാക്കി എടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
അമേരിക്കയുടെ സോയാബീൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് സീറോ നികുതിയാണ് വ്യാപാര കരാറിൽ മോദി സര്‍ക്കാര്‍ സമ്മതിച്ചു നൽകിയിരുന്നത്. ലോകത്തിൽ തന്നെ ഏറ്റവും അധികം സബ്സിഡിയും സൗജന്യങ്ങളും നൽകിയാണ് അമേരിക്ക സോയാബീൻ കര്‍ഷകരെ സംരക്ഷിക്കുന്നത്. ട്രംപിന്റെ വോട്ട് ബാങ്കുമാണ് സോയാ കര്‍ഷകര്‍. ഇന്ത്യയിലെ ഈ കാര്‍ഷിക മേഖല അസ്ഥിരമാക്കുക യു എസ് ലക്ഷ്യമാണ്.
മറ്റ് രാജ്യങ്ങൾ കര്‍ഷകര്‍ക്കും തൊഴിലാളികൾക്കും ആനുകൂല്യങ്ങൾ നൽകുന്നത് തടയുകയും ദുര്‍ബലമക്കുകയും ചെയ്താവും വിപണി ഉറപ്പിക്കുക. കാര്‍ഷിക വ്യവസായ മേഖകളിലെ ശാക്തീകരണം ദുര്‍ബമാക്കുക. അവിടെ തങ്ങളുടെ കയറ്റുമതി വസ്തുക്കൾ ഇറക്കി ആധിപത്യം നേടുക എന്നതാണ് തന്ത്രം.

150 ദിവസം,വിവരങ്ങൾ ചോര്‍ത്താൻ അന്ത്യശാസനം
1974 ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 122പ്രകാരം വിദേശ നിർമിത ഉൽപ്പന്നങ്ങൾക്ക് 10% താരിഫ് അനുവദിക്കുന്നുണ്ട്. ഇത് ഈ വര്‍ഷം ജൂലൈ 24ന് കാലഹരണപ്പെടും .ഇതിനിടയിലെ 150 ദിവസത്തെ സമയപരിധി മുന്നിൽക്കണ്ടാണ് പുതിയ അന്വേഷണമെന്ന് ഗ്രിയർ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന് എത്രയും വേഗം"സാധ്യതാ ഓപ്ഷനുകൾ"സമർപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി രഹസ്യാന്വേഷണം പുരോഗമിക്കുന്നു എന്നായിരുന്നു വാക്കുകൾ .ചാര ശൃംഖലകൾ സമാഹരിച്ച വിവരങ്ങൾ ഇപ്പോൾ തന്നെ റെഡിയായിട്ടുണ്ട് എന്നാണ് യു എസ് മാധ്യമങ്ങൾ പറയുന്നത്.
ഡിജിറ്റൽ സർവീസ് നികുതി ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഏറ്റവും അധികം ആശങ്കപ്പെട്ടിരുന്നതാണ്. ഐടി സേവനം നൽകുന്ന ഇന്ത്യൻ കമ്പനികളോട് എല്ലാം അമേരിക്ക ചുങ്കം പിരിക്കുന്ന സാഹചര്യമാവും. ഫാർമസ്യൂട്ടിക്കൽ ഔഷധങ്ങളുടെ വിലനിർണ്ണയം ഇതിനൊപ്പം തന്നെ ഇടപെടൽ മേഖലയായി നേരത്തെ തന്നെ സൂചനകളിൽ ഉണ്ട്. സമുദ്ര മലിനീകരണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ സെക്ഷൻ 301 അന്വേഷണങ്ങൾ വരാനിടയുണ്ട് എന്നും പറയുന്നു.
ചെമ്മീൻ കയറ്റുമതിയിൽ പ്രത്യേക തരം ആമ കുഞ്ഞുങ്ങളുടെ നശീകരണവുമായി ബന്ധപ്പെട്ട് ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. ഇതേ മാതൃകയാണ് തേടുന്നത്. നിർബന്ധിത തൊഴിലാളികൾ നിർമിക്കുന്ന ഉൽപ്പന്നങ്ങൾ എന്ന പേരിൽ നിരോധവും നികുതിയും ഏര്‍പ്പെടുത്താനും വഴി തേടുന്നു. പ്രത്യേക വ്യാപാര കരാര്‍ ഒപ്പു വെച്ചാൽ പോലും ഇത്തരം പ്രശ്നങ്ങൾ ഉന്നയിച്ച് അമേരിക്കയ്ക്ക് സ്വന്തം നിലയിൽ അതിനെ മറികടക്കാനുള്ള പഴുതുകൾ നിര്‍മ്മിച്ചെടുക്കും. കാര്‍ബൺ നിര്‍ഗ്ഗമന നികുതി ഉൾപ്പെടെ കര്‍ശനമാവും.
കഴിഞ്ഞ വർഷം ട്രംപ് പ്രഖ്യാപിച്ച വ്യാപാര ചട്ടക്കൂടുകളിൽ നിന്നും പുതിയ അന്വേഷണം വ്യത്യസ്തമാണെന്ന് ഗ്രിയർ പറഞ്ഞത് ഇതിനെ സാധൂകരിക്കുന്നു. "ഈ അന്വേഷണങ്ങൾ ആഗോള കറന്റ് അക്കൗണ്ട് മിച്ചങ്ങൾ, സർക്കാർ സബ്സിഡികൾ, അടിച്ചമർത്തപ്പെട്ട ആഭ്യന്തര വേതനം, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ വാണിജ്യേതര പ്രവർത്തനങ്ങൾ, അപര്യാപ്തമായ പാരിസ്ഥിതിക, തൊഴിൽ മാനദണ്ഡങ്ങൾ, സബ്സിഡി വായ്പകൾ, കറൻസി രീതികൾ തുടങ്ങിയ തെളിവുകൾ പ്രത്യേകം ശ്രദ്ധിക്കും" എന്ന ഗ്രിയറിന്റെ വാക്കുകൾ അന്വേഷണത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കൃത്യമായി വെളിവാക്കുന്നുണ്ട്.

സെക്ഷൻ 301 പ്രക്രിയയുടെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യങ്ങളുടെ പ്രതിബദ്ധതകളും ചട്ടക്കൂടുകളുടെ നടത്തിപ്പും പരിഗണിക്കുമെന്നാണ് മുന്നറിയിപ്പ്. സെക്ഷൻ 301 നിയമം പ്രകാരം, ആഭ്യന്തര വ്യവസായങ്ങളിൽ നിന്നുള്ള ഹർജിക്ക് കാത്തുനിൽക്കാതെ തന്നെ സ്വയം അന്വേഷണം ആരംഭിക്കാൻ യു.എസ് ട്രേഡ് പ്രതിനിധിക്ക് (USTR) അധികാരമുണ്ട്.
തങ്ങളുടെ രാജ്യത്ത് ഒരു നിയമവും വകുപ്പുമുണ്ട്. അതിന്റെ അധികാരം വെച്ച് അന്വേഷണം നടത്തുന്നു എന്നാണ് ന്യായം. സ്വന്തം രാജ്യത്തെ ഒരു നിയമത്തെ മുൻ നിര്‍ത്തി മറ്റു രാജ്യങ്ങളിലെ കടന്നു കയറ്റത്തെ സാധൂകരിക്കുന്നു. ഈ നിയമ പ്രകാരം പ്രതികാര നികുതികൾക്ക് പകരം പരിസ്ഥിതി,തൊഴിൽ അവകാശം, മനുഷ്യാവകാശം, വനാവകാശം എന്നിങ്ങനെ പലമറകളിലും അടരുകളിലും നികുതി സാധ്യത തുറക്കാം. മാത്രമല്ല, വ്യാപാര കരാര്‍ ഉണ്ടായാലും അത് പാലിക്കാനുള്ള ബാധ്യത അടിമ രാഷ്ട്രങ്ങൾക്ക് മാത്രമാവും.










0 comments