പാകിസ്ഥാനിൽ പോളിയോ വാക്സിനേഷൻ സംഘത്തിലെ മൂന്നുപേരെ തട്ടിക്കൊണ്ടുപോയി

പ്രതീകാത്മകചിത്രം
പെഷവാർ: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ പോളിയോ വാക്സിനേഷൻ സംഘത്തിലെ മൂന്നുപേരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ടാങ്ക് ജില്ലയിലെ സോർഘർ പ്രദേശത്താണ് സംഭവം. മിർ ജനാൻ, ഇക്രം, ഖൻസാല എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. പൊലീസും ജില്ലാ ഭരണകൂടവും സംഭവം സ്ഥിരീകരിച്ചു.
പോളിയോ നിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുനേരെ പ്രദേശത്ത് തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നതിനിടെയാണ് പുതിയ സംഭവം. നവംബർ രണ്ടിന് ടാങ്ക് ജില്ലയിൽനിന്ന് നാല് പോളിയോ പ്രവർത്തകരെ തട്ടിക്കൊണ്ടുപോയിരുന്നു. സൗത്ത് വസീറിസ്ഥാനിൽനിന്ന് തട്ടിക്കൊണ്ടുപോയ മറ്റ് രണ്ട് പ്രവർത്തകരെ പിന്നീട് വിട്ടയച്ചു.
നവംബർ നാലിന് ഖൈബർ ജില്ലയിലെ ജംറൂദിൽനിന്ന് പോളിയോ വാക്സിനേഷൻ സൂപ്പർവൈസർ ജലീൽ ഖാനെയും തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നിന് മൊഹ്മന്ദ് ജില്ലയിൽ പോളിയോ വാക്സിനേഷൻ സംഘത്തിന് സുരക്ഷയൊരുക്കിയ രണ്ട് പൊലീസുകാരെ അജ്ഞാത തോക്കുധാരികൾ വെടിവച്ചുകൊന്നു. മറ്റൊരു പൊലീസുകാരന് പരിക്കേറ്റു. പാകിസ്ഥാനിലുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങൾ പോളിയോ നിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർത്തിയിരിക്കുകയാണ്.








0 comments