വയനാട്ടിൽ കർഷകരോട് ക്രൂരത; വാഴക്കൃഷി നശിപ്പിച്ചു, 1500ഓളം വാഴകൾ മുറിച്ചു

കൽപ്പറ്റ : വയനാട്ടിൽ കർഷകരുടെ വാഴക്കൃഷി നശിപ്പിച്ച് ക്രൂരത. മുട്ടിൽ ചിലഞ്ഞിച്ചാലിലെ കർഷകരായ പാറേപ്പറമ്പിൽ ജെയിംസ്, കൊർലാടി ദേവകുമാർ എന്നിവരുടെ ആയിരത്തിഅഞ്ഞൂറോളം വാഴകളാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിച്ച് നശിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് ചെയ്യുന്ന കൃഷിയാണ്. 3,000 വാഴകളുള്ളതിൽ പകുതിയോളം നശിപ്പിച്ചു. കുലവരാറായ വാഴകളുടെ തടയാണ് മുറിച്ചത്.
കഴിഞ്ഞദിവസം വൈകിട്ടുവരെ കർഷകർ വളമിട്ട് പോയതായിരുന്നു. പിന്നീട് കൃഷിയിടത്തിൽ എത്തിയപ്പോഴാണ് വാഴകൾ വെട്ടേറ്റ നിലയിൽ കണ്ടത്. എല്ലാം ഇനി ഒടിഞ്ഞുനശിക്കും. പ്രധാന റോഡിൽനിന്ന് 300 മീറ്റർ മാറിയാണ് തോട്ടം. തോട്ടത്തിന്റെ ഉൾഭാഗത്തെ വാഴകളാണ് നശിപ്പിച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. ഇവരുടെ കൃഷിയിടത്തോട് ചേർന്നുള്ള തോട്ടങ്ങളിൽ കയറിയിട്ടില്ല.
മുൻകൂട്ടി നിശ്ചയിച്ച് എത്തിയവരാണ് നാശനഷ്ടമുണ്ടാക്കിയതെന്ന് കർഷകർ പറഞ്ഞു. വാഴയൊന്നിന് ഇതുവരെ 220 രൂപയോളം ചെലവ് വന്നതാണെന്ന് കർഷകർ വ്യക്തമാക്കി. കർഷകർ കൽപ്പറ്റ പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മേധാവി, കൃഷി ഓഫീസ്, മുട്ടിൽ പഞ്ചായത്ത്, വില്ലേജ് ഓഫീസ് അധികൃതർക്കും പരാതി നൽകും. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.
വാഴകൾ ആയുധം ഉപയോഗിച്ച് മുറിച്ച് നശിപ്പിച്ച നിലയിൽ








0 comments