Deshabhimani

കമ്പനി സ്വയം ടെസ്റ്റ് ചെയ്തപ്പോൾ എഥനോൾ കലർപ്പ് 33 ശതമാനം, ജനം കണ്ടുപിടിച്ചതോടെ പോസ്റ്റ് മുക്കി ഭാരത് പെട്രോളിയം

Bharat Petroleum MythVsFact campaign
വെബ് ഡെസ്ക്

Published on Nov 10, 2026, 02:09 PM | 3 min read

മൈസൂര്‍:പെട്രോളിൽ യാതൊരു നിയന്ത്രണവുമില്ലാതെ എഥനോൾ കലർത്തി വിൽക്കുന്നതായുള്ള പരാതി ശരിവെക്കുന്ന ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ എക്സ് പോസ്റ്റ് പുലിവാലായി. കലര്‍പ്പ് കണ്ടെത്തിയത് നിഷേധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെ അതിനെ ന്യായീകരിക്കാനാണ് ബിപിസിഎൽ ടെസ്റ്റ് ഫലം ട്വീറ്റ് ചെയ്തത്. ഇതിൽ പരിശോധനയ്ക്ക് ഉപയോഗിച്ച അളവ് പാത്രങ്ങളുടെ ചിത്രവും ഉൾപ്പെടുത്തി. ചിത്രത്തിൽ കൃത്യമായ അളവ് കാണിച്ചു. 33 ശതമാനം കലര്‍പ്പ്. എക്സിൽ നൽകിയ വിശദീകരണ കുറിപ്പിൽ E-20 തന്നെ എന്നാണ് ന്യായീകരിച്ചിരുന്നത്. എന്നാൽ ഈ സമയത്ത് എടുത്ത ചിത്രം അബദ്ധത്തിൽ കൂടെ പോസ്റ്റ് ചെയ്തത് സത്യം തുറന്നു കാണിച്ചു.


പെട്രോളിൽ ചതിപറ്റിയവര്‍ തന്നെയാണ് ഇത് കണ്ടുപിടിച്ചത്. ധാരാളം പേര്‍ ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തു. കടുത്ത വഞ്ചനയും നിയമലംഘനവും തെളിവ് സഹിതം പുറത്തായി. പോസ്റ്റ് ഇപ്പോൾ ഭാരത് പെട്രോളിത്തിന്റെ വാളിൽ ഇല്ല. പക്ഷേ അത് പിൻവലിക്കുന്നതിന് മുൻപ് ജനം ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.


e 33എക്സ് പോസ്റ്റ് ചിത്രം


സ്വയം നിറയൊഴിച്ച്

'മിത്ത് വേഴ്സസ് ഫാക്ട്'


നിയമങ്ങൾ ലംഘിച്ച് "ഔദ്യോഗിക മായം" കലര്‍ത്തൽ തുടരുകയാണ്. സര്‍ക്കാര്‍ നേരത്തെ ഇ-10 മിശ്രണം നടത്തിയതും ജനങ്ങളെ അറിയിക്കാതെയും മുന്നറിയിപ്പുകൾ നൽകാതെയും ആയിരുന്നു. ഇത് ക്രമേണം 20 ശതമാനത്തിൽ എത്തിച്ചു. പരീക്ഷണം എന്ന് അവകാശപ്പെട്ടായിരുന്നു തുടക്കം. ക്രമേണ എല്ലാ പമ്പുകളിലും നടപ്പാക്കി ഉറപ്പു വരുത്തി. ഇതിന് ശേഷം ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് പരസ്യമാക്കിയത്. ഇപ്പോൾ 30 ശതമാനത്തിന് മുകളിൽ എത്തിച്ചിരിക്കയാണ്. കർണാടക സര്‍ക്കാരാണ് ഇത് കണ്ടുപിടിച്ച് പരസ്യ പ്രതികരണം നടത്തിയത്. ഇതോടെ കേന്ദ്ര സര്‍ക്കാരും പെട്രോളിയം മന്ത്രാലയവും എണ്ണ കമ്പനികളും പ്രതിരോധത്തിലായി. ഇപ്പോൾ കേരളം ഉൾപ്പെടെ പരിശോധന പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനെ മറികടക്കാനാണ് ബിപിസിഎൽ എക്സിൽ 'മിത്ത് വേഴ്സസ് ഫാക്ട്' (Myth Vs Fact) എന്ന പ്രചാരണം ആരംഭിച്ചത്. പക്ഷേ തുടക്കം തന്നെ പാളി. സത്യം അറിയാതെ പുറത്തു ചാടി.


സംഭവിച്ച അബദ്ധം


കർണാടകയിലെ മൈസൂരിലുള്ള ബിപിസിഎൽ പെട്രോൾ പമ്പിൽ നടത്തിയ എഥനോൾ അളവ് പരിശോധന വഴി പെട്രോൾ നിയമാനുസൃതമായ 20 ശതമാനം പരിധിക്കുള്ളിലാണെന്ന് സ്ഥാപിക്കാനാണ് ട്വീറ്റിലൂടെ കമ്പനി ശ്രമിച്ചത്. എന്നാൽ, പോസ്റ്റ് ചെയ്ത പരിശോധനാ അളവുകോലിന്റെ ചിത്രം (Measuring Cylinder) ശ്രദ്ധിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ സത്യം കണ്ടെത്തി. എഥനോളിന്റെ അളവ് 20-ന് പകരം 33 ശതമാനത്തോളം ഉയർന്നു നിൽക്കുന്നത് വ്യക്തമായിരുന്നു. ഇത് അവര്‍ സോഷ്യൽ മീഡിയ വഴി തന്നെ ചൂണ്ടിക്കാണിച്ചു.


വിമർശനങ്ങൾ ഉയർന്നതോടെ ബിപിസിഎൽ എക്സ് പോസ്റ്റ് ഉടനടി നീക്കം ചെയ്‌തു. എങ്കിലും അതിന്റെ സ്ക്രീൻഷോട്ടുകൾ തരംഗമായി മാറി കഴിഞ്ഞു. ഒരു പൊതുമേഖലാ സ്ഥാപനം തന്നെ നിയമലംഘനം മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് കണ്ടെത്തി. കലര്‍പ്പ് പമ്പുകളിൽ അല്ല നടക്കുന്നത് എന്ന യാഥാർഥ്യം കൂടി പുറത്തെത്തുകയാണ്.


കർണാടകയിലെ ഞെട്ടിക്കുന്ന

പരിശോധനാ ഫലങ്ങൾ


വിവാദത്തിന്റെ തുടക്കം കർണാടക സർക്കാരിന്റെ പരിശോധനാ റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ്.

  • സാംപിളുകളുടെ എണ്ണം: ഐഒസിഎൽ (IOCL), എച്ച്പിസിഎൽ (HPCL), ബിപിസിഎൽ (BPCL), ഷെൽ (Shell), നയാര (Nayara) തുടങ്ങിയ പ്രമുഖ എണ്ണക്കമ്പനികളുടെ പെട്രോൾ പമ്പുകളിൽ നിന്നായി 63 സാംപിളുകൾ കർണാടക സർക്കാർ ശേഖരിച്ചിരുന്നു.

  • അളവിലെ വ്യതിയാനങ്ങൾ: NABL അംഗീകാരമുള്ള സ്വകാര്യ ലാബുകളിൽ നടത്തിയ പരിശോധനയിൽ എഥനോൾ അളവ് 13.5% മുതൽ 31.2% വരെ ആണെന്ന് കണ്ടെത്തി.

    ഇവ സര്‍ക്കാര്‍ നടത്തിയ പരിശോധനയാണ്. ഓരോ കമ്പനിയുടെ എണ്ണയും പരിശോധിച്ചിട്ടുണ്ട്. കലര്‍പ്പില്ലാത്ത ഒരു കമ്പനി എണ്ണയും ഇല്ലായിരുന്നു.

  • എച്ച്പിസിഎൽ (HPCL): 30.5%, 27% വരെ.

  • ബിപിസിഎൽ (BPCL): 26.5%, 24.2% വരെ.

  • നയാര (Nayara): 26.1% വരെ.

  • ഷെൽ (Shell): 25.5% വരെ.

ബെംഗളൂരു അടക്കം ഏഴ് ജില്ലകളിലെ പമ്പുകളിലാണ് ഇത്തരത്തിൽ അമിത എഥനോൾ കലർപ്പ് റിപ്പോർട്ട് ചെയ്തത്. എഥനോൾ അമിതമായി കലർത്തുന്നത് വാഹനങ്ങളുടെ എൻജിൻ വേഗത്തിൽ തകരാറിലാക്കുമെന്നും, മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും ഇത് വാഹന ഉടമകൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കർണാടക സർക്കാർ മുന്നറിയിപ്പ് നൽകി.


കമ്പനികളുടെ ലാബുകളിലേക്ക് ആദ്യം അയച്ച സാംപിളുകളിൽ എഥനോൾ അളവ് വ്യക്തമാക്കാൻ കമ്പനികൾ മടിച്ചതിനെ തുടർന്നാണ് സ്വതന്ത്ര എക്സ്റ്റേണൽ ലാബുകളിൽ പരിശോധന നടത്തിയതെന്ന് കർണാടക വ്യക്തമാക്കി.


വിചിത്രം

ന്യായീകരണം


കേന്ദ്ര സര്‍ക്കാരും എണ്ണകമ്പനികളും ഇതിനെ ന്യായീകരിച്ചത് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള പരിശോധന സ്വീകരിക്കാൻ കഴിയില്ല എന്ന കാരണം മറയാക്കിയാണ്. ജോയിന്റ് സാംപ്ലിങ് നടത്തണമെന്ന് പറഞ്ഞ് എണ്ണക്കമ്പനികൾ വീണ്ടും ഔദ്യോഗിക ന്യായങ്ങൾ നിരത്തി ഓട്ടയടക്കാൻ ശ്രമിച്ചു. ഒടുവിൽ അബദ്ധത്തിൽ ആയാലും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ "ഔദ്യഗിക ഫലം" ജനങ്ങൾക്ക് മുന്നിൽ ചോ‍ർന്ന് എത്തി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home