print edition 105ാം സ്ഥാപകദിനം ഇന്ന്; സിപിസി അംഗസംഖ്യ 10.12 കോടി

ബീജിങ് : ലോകത്തെ ഏറ്റവും വലിയ വിപ്ലവ പ്രസ്ഥാനമായ ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ അംഗസംഖ്യ 10.12 കോടിയായി വർധിച്ചു. പാർടിയുടെ 105-–ാം സ്ഥാപകദിനത്തിനു മുന്നോടിയായി പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് സിപിസിയുടെ മുന്നേറ്റം വ്യക്തമാക്കുന്നത്. ഒരുവർഷത്തിനിടെ 10 ലക്ഷത്തിലധികം പുതിയ അംഗങ്ങൾ.
ഫാക്ടറികളിലും കൃഷിയിടങ്ങളിലും സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന സിപിസി പ്രാഥമിക ഘടകങ്ങളുടെ എണ്ണം 54.30 ലക്ഷമായി ഉയർന്നു. 3.40 ശതമാനം വളർച്ച. പാർടിയുടെ മുഖ്യധാരയിൽ അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ് അണിനിരക്കുന്നത്. ആകെ അംഗങ്ങളിൽ 32.40 ശതമാനവും ഫാക്ടറി തൊഴിലാളികളും സാധാരണ കർഷകരുമാണ്. ഉന്നത വിദ്യാഭ്യാസമുള്ളവരുടെ പങ്കാളിത്തം 59 ശതമാനമായി വർധിച്ചു. വനിതാ അംഗങ്ങളുടെ പങ്കാളിത്തം 31.50 ശതമാനമായും ഗോത്ര-–ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യം 7.80 ശതമാനമായും ഉയർന്നു.
സാമ്രാജ്യത്വ ശക്തികളുടെ ഉപരോധങ്ങളെയും ഭീഷണികളെയും ജനകീയ ബദലിലൂടെ പ്രതിരോധിച്ച് സോഷ്യലിസ്റ്റ് നിർമാണപാതയിൽ മുന്നേറുന്ന ചൈനീസ് ജനതയ്ക്ക് കരുത്താണ് സിപിസിയുടെ വളർച്ച. 1921 ജൂലൈ 23നാണ് പ്രഥമസമ്മേളനം ചേർന്നതെങ്കിലും ജൂലൈ ഒന്നിനാണ് ചൈനീസ് കമ്യൂണിസ്‌റ്റ് പാർടി സ്ഥാപിതദിനമായി ആഘോഷിക്കുന്നത്.










0 comments