ad
Deshabhimani

60 ദിവസത്തെ വിസരഹിത താമസം തായ്‌ലൻഡ് വെട്ടിച്ചുരുക്കുന്നു; തിരിച്ചടി ഈ രാജ്യങ്ങൾക്ക്

Image Credit: backpackbob

തായ്‌ലൻഡ് Image Credit: backpackbob

വെബ് ഡെസ്ക്

Published on May 20, 2026, 01:05 PM | 2 min read

ബാങ്കോക്ക്: വിനോദസഞ്ചാരികൾക്കും വിദേശത്തിരുന്ന് ഓൺലൈനായി ജോലി ചെയ്യുന്നവർക്കും വലിയ തിരിച്ചടിയായി തായ്ലൻഡിന്‍റെ പുതിയ തീരുമാനം. രാജ്യത്ത് നിലവിലുണ്ടായിരുന്ന 60 ദിവസത്തെ വിസ രഹിത താമസ സൗകര്യം തായ്‌ലൻഡ് സർക്കാർ വെട്ടിച്ചുരുക്കുന്നു. ഇന്ത്യ, യുകെ ഉൾപ്പെടെയുള്ള 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയാണ് ഈ പുതിയ തീരുമാനം ബാധിക്കുക.


ഇനിമുതൽ വിസയില്ലാതെ തായ്‌ലൻഡിൽ തങ്ങാനാകുന്ന കാലാവധി 30 ദിവസമായി ചുരുങ്ങും. സാമ്പത്തിക രംഗത്തെയും രാജ്യസുരക്ഷയെയും മുൻനിർത്തി, നിലവിലെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിസ നയങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് തായ്‌ലൻഡ് ഉപപ്രധാനമന്ത്രി വ്യക്തമാക്കി.


ഒരേ രാജ്യത്തിന് തന്നെ ഒന്നിലധികം വിസ ഇളവുകൾ നൽകുന്നത് വിദേശികൾക്കിടയിൽ വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടെന്നും അത് ഒഴിവാക്കാനാണ് ഈ പരിഷ്കരണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, വിസ ഇളവുകൾ ദുരുപയോഗം ചെയ്ത് നിരവധി വിദേശ പൗരന്മാർ രാജ്യത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതും കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ സർക്കാരിനെ പ്രേരിപ്പിച്ചു.


അയൽരാജ്യങ്ങളായ കംബോഡിയ, മ്യാൻമർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ ഒരു പ്രധാന താവളമായി തായ്‌ലൻഡ് മാറുന്നു എന്ന ആക്ഷേപവും ശക്തമായിരുന്നു. അതിനാൽ ഇനിമുതൽ ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ഇനിമുതൽ വിസയില്ലാതെ പരമാവധി 30 ദിവസം മാത്രമേ തായ്‌ലൻഡിൽ തുടരാനാകൂ.


മുൻപ് 31 രാജ്യങ്ങൾക്ക് വിസ ഓൺ അറൈവൽ സൗകര്യം ഉണ്ടായിരുന്നെങ്കിൽ, ഇനിമുതൽ ഇന്ത്യ, ബെലാറസ്, സെർബിയ, അസർബൈജാൻ എന്നീ 4 രാജ്യങ്ങൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തി. മാലിദ്വീപ്, സെയ്ഷെൽസ് തുടങ്ങിയ രാജ്യങ്ങൾക്ക് 15 ദിവസത്തെ വിസ ഇളവും, മ്യാൻമർ (വിമാനമാർഗ്ഗം എത്തുന്നവർക്ക്), കംബോഡിയ എന്നീ രാജ്യങ്ങൾക്ക് 14 ദിവസത്തെ ഇളവും ലഭിക്കും.


2024 ജൂലൈയിലാണ് ടൂറിസം മേഖലയ്ക്ക് ഉണർവേകാനായി തായ്‌ലൻഡ് വിസ രഹിത താമസം 30 ദിവസത്തിൽ നിന്ന് 60 ദിവസമായി ഉയർത്തിയത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളും വിസ ദുരുപയോഗവും വർദ്ധിച്ചതോടെ രണ്ടു വർഷത്തിനുള്ളിൽ തന്നെ സർക്കാർ ഈ ആനുകൂല്യം പിൻവലിക്കുകയാണ്. ദീർഘകാലം തായ്‌ലൻഡിൽ തങ്ങി ജോലി ചെയ്യാനും യാത്ര ചെയ്യാനും പ്ലാൻ ചെയ്തിരുന്ന അന്താരാഷ്ട്ര സഞ്ചാരികൾക്ക് വലിയ നിരാശ നൽകുന്നതാണ് ഈ പുതിയ തീരുമാനം.


മെയ് 19 ചൊവ്വാഴ്ച ബാങ്കോക്കിൽ ചേർന്ന തായ്‌ലൻഡ് മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. തങ്ങളുടെ പുതിയ വിസ പരിഷ്കാരം ഒരു പ്രത്യേക രാജ്യത്തെയും ലക്ഷ്യം വെച്ചുള്ളതല്ലെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിസ നിയമങ്ങൾ ദുരുപയോഗം ചെയ്ത് അനധികൃതമായി തങ്ങുന്ന വ്യക്തികളെയും കുറ്റവാളികളെയും തടയുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


കൃത്യമായ യാത്രാ രേഖകളോടെ എത്തുന്ന യഥാർത്ഥ വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ രാജ്യം തുടർന്നും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. തായ്‌ലൻഡിന്റെ ഔദ്യോഗിക ഗസറ്റിൽ ഈ പുതിയ വിസ നിയമം പ്രസിദ്ധീകരിച്ച് 15 ദിവസത്തിന് ശേഷം മാത്രമായിരിക്കും പരിഷ്കാരങ്ങൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരിക.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home