തായ്‌ലൻഡിൽ കാട്ടാനയുടെ ആക്രമണം; വിനോദസഞ്ചാരിയെ ചവിട്ടിക്കൊന്നു

ബാങ്കോക്ക്: തായ്‌ലൻഡിലെ ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു. ഖാവോ യായ് നാഷണൽ പാർക്കിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
ലോപുരി പ്രവിശ്യയിൽ നിന്നുള്ള 65 കാരനായ വിനോദസഞ്ചാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പം പ്രഭാതസവാരി നടത്തുന്നതിനിടെ 'ഒയേവൻ' എന്ന് വിളിക്കുന്ന കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു.
തന്റെ തുമ്പിക്കൈ ഉപയോഗിച്ച് ഇയാളെ ഉയർത്തിയെറിഞ്ഞ ശേഷം ആന ക്രൂരമായി ചവിട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിനിടെ ഇയാളുടെ ഭാര്യ അത്ഭുതകരമായി രക്ഷപ്പെട്ടു.
റേഞ്ചർമാർ എത്തി ആനയെ തുരത്തിയെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇതേ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണിത്.
ആനയുടെ ആക്രമണത്തെത്തുടർന്ന് വിനോദസഞ്ചാര കേന്ദ്രമായ ഖാവോ യായ് താൽക്കാലികമായി അടച്ചു. സ്ഥിരമായി ആക്രമണം നടത്തുന്ന ഈ ആനയെ ജനവാസ മേഖലയിൽ നിന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നുണ്ട്.
വേനൽക്കാലമായതിനാൽ ഭക്ഷണവും വെള്ളവും തേടി ആനകൾ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നത് പതിവാണെന്നും സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും പാർക്ക് അധികൃതർ അറിയിച്ചു.











0 comments