ad
Deshabhimani

'വേഡ് മോഡ്' പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, ഉടമ ജയിലിൽ

tesla Cybertruck
വെബ് ഡെസ്ക്

Published on May 20, 2026, 11:17 AM | 1 min read

ടെക്സസ്: ടെസ്‌ല സൈബർട്രക്കിന്റെ വെള്ളത്തിലൂടെ സഞ്ചരിക്കാനുള്ള 'വേഡ് മോഡ്' (Wade Mode) ഫീച്ചർ പരീക്ഷിക്കാൻ വണ്ടി തടാകത്തിലേക്ക് ഓടിച്ചിറക്കിയ ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. വണ്ടി തടാകത്തിൽ മുങ്ങിയതിന് പിന്നാലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഉടമയെ ടെക്സസ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജിമ്മി ജാക്ക് മക്ഡാനിയൽ എന്നയാളാണ് പിടിയിലായത്.


ടെക്സസിലെ ഗ്രേപ്‌വൈൻ തടാകത്തിലുള്ള കാറ്റീസ് വുഡ്സ് ബോട്ട് റാംപിലാണ് സംഭവം. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തടാകത്തിൽ വാഹനം മുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തുകയായിരുന്നു. കുറഞ്ഞ ആഴമുള്ള വെള്ളത്തിലൂടെ പതുക്കെ സഞ്ചരിക്കാൻ സഹായിക്കുന്നതാണ് സൈബർട്രക്കിലെ 'വേഡ് മോഡ്'. ഈ ഫീച്ചർ ഓണാക്കിയാൽ വണ്ടിയുടെ സസ്പെൻഷൻ ഉയരുകയും ബോഡിക്ക് കേടുപാടുകൾ വരാതെ സംരക്ഷിക്കുകയും ചെയ്യുമെന്നാണ് ടെസ്‌ല വ്യക്തമാക്കുന്നത്. ഇത് പരീക്ഷിക്കാനാണ് ജിമ്മി മനഃപൂർവ്വം വണ്ടി തടാകത്തിലേക്ക് ഇറക്കിയത്.


എന്നാൽ തടാകത്തിലിറക്കിയതോടെ വണ്ടിയുടെ പ്രവർത്തനം നിലയ്ക്കുകയും ഉള്ളിലേക്ക് വെള്ളം കയറി മുങ്ങാൻ തുടങ്ങുകയുമായിരുന്നു. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാർ ഉടൻ തന്നെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. പിന്നീട് ഗ്രേപ്‌വൈൻ ഫയർ ഡിപ്പാർട്ട്മെന്റിന്റെ വാട്ടർ റെസ്ക്യൂ ടീമെത്തി പ്രത്യേക ക്രെയിൻ ഉപയോഗിച്ചാണ് വെള്ളം കയറിയ സൈബർട്രക്ക് തടാകത്തിൽ നിന്ന് പുറത്തെടുത്തത്.



തടാകത്തിലെ നിരോധിത മേഖലയിൽ വാഹനം ഓടിച്ചതിനും, ജലസുരക്ഷാ ഉപകരണങ്ങളുടെ മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് ജിമ്മിക്കെതിരെ കേസെടുത്തിരിക്കുന്നത്. വണ്ടി ഇതിന് മുൻപും അറ്റ്‌ലാന്റിക് സമുദ്രത്തിലടക്കം ഇറക്കി പരീക്ഷിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും പ്രശ്നമുണ്ടായിരുന്നില്ലെന്നുമാണ് ജിമ്മി പൊലീസിനോട് പറഞ്ഞത്. എന്നാൽ ആഴമുള്ളതോ കുത്തൊഴുക്കുള്ളതോ ആയ വെള്ളത്തിൽ വാഹനം ഇറക്കരുതെന്നും അത് വലിയ അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും കാരണമാകുമെന്നും ടെസ്‌ലയുടെ മാന്വലിൽ കൃത്യമായി മുന്നറിയിപ്പ് നൽകുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home