ad
Deshabhimani

തായ്ലൻഡ് സ്കൂൾ ആക്രമണം; കൗമാരക്കാരൻ വെടിയുതിർത്തത് പൊലീസിന്റെ തോക്ക് തട്ടിയെടുത്ത്, ഒരു മരണം

thailand school shooting
വെബ് ഡെസ്ക്

Published on Feb 12, 2026, 12:18 PM | 1 min read

ബാങ്കോക്ക് : തെക്കൻ തായ്ലൻഡിൽ സ്കൂളിൽ തോക്കുധാരിയുടെ ആക്രമണമുണ്ടായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പബ്ലിക് ഹൈസ്‌കൂളിൽ ബുധനാഴ്ച 17 വയസ്സുകാരൻ ആക്രമണം നടത്തിയത് പൊലീസിൽ നിന്ന് തോക്ക് മോഷ്ടിച്ചാണെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് മണിക്കൂർ നീണ്ടുനിന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസും പ്രാദേശിക ഉദ്യോഗസ്ഥരും പറഞ്ഞു. തോക്കുമായി സ്കൂളിലെത്തിയ അക്രമി വിദ്യാർഥികളെയും അധ്യാപകരെയും ബന്ദികളാക്കി.


സോങ്ഖ്ല പ്രവിശ്യയിലെ പതോങ്പ്രഥൻകിരിവാട്ട് സ്കൂളിലാണ് സംഭവം. ഉച്ചകഴിഞ്ഞ് ക്ലാസുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി വെടിയുതിർക്കുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷമാണ് ഇയാളെ പിടികൂടിയത്. അക്രമിക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂൾ ഡയറക്ടറാണ് വ്യാഴാഴ്ച പുലർച്ചെ ആശുപത്രിയിൽ മരിച്ചത്. ഒരു വിദ്യാർഥിക്കും വെടിവയ്പിൽ പരിക്കേറ്റു. രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണാണ് ഒരു വിദ്യാർഥിക്ക് പരിക്കേറ്റതെന്നും തായ്‌ലൻഡ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ലഹരി സ്ഥിരമായി ഉപയോ​ഗിക്കുന്ന 17 വയസ്സുകാരനാണ് പ്രതിയെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. കൗമാരക്കാരൻ സ്കൂളിൽ ആക്രമണം നടത്തുന്നു എന്ന വിവരത്തെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇവിടെവച്ച് ഒരു ഉദ്യോ​ഗസ്ഥന്റെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുത്ത് ഇയാൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.


2022 ഒക്ടോബറിൽ, ജോലിയിൽ നിന്ന് പിരിച്ചുവിട്ട പൊലീസ് ഉദ്യോ​ഗസ്ഥൻ വടക്കുകിഴക്കൻ പട്ടണമായ ഉതായ് സാവനിലെ ഒരു ഡേ കെയർ സെന്ററിൽ അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ 36 പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. 2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ നഗരമായ നഖോൺ റാറ്റ്ചസിമയിൽ സൈനിക ഉദ്യോ​ഗസ്ഥൻ നടത്തിയ വെടിവയ്പിൽ 29 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home