print edition ഇന്ന് ചർച്ചയെന്ന് ട്രംപ്; പങ്കെടുക്കില്ലെന്ന് ഇറാൻ: രണ്ടാംഘട്ട ചർച്ച അനിശ്ചിതത്വത്തിൽ

വാഷിങ്ടൺ: അമേരിക്ക–ഇറാൻ രണ്ടാംഘട്ട ചർച്ച തിങ്കളാഴ്‌ച പാകിസ്ഥാനിൽ നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് ഇറാൻ അറിയിച്ചതോടെ സമാധാന നീക്കം അനിശ്ചിതത്വത്തിലായി. അമേരിക്ക മുന്നോട്ടുവെക്കുന്ന അസാധാരണ നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്ലാമാബാദിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ചർച്ചയെക്കുറിച്ച് മധ്യസ്ഥരായ പാകിസ്ഥാൻ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച ട്രംപ്, യുഎസ് നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഭീഷണി മുഴക്കി. എന്നാൽ അമേരിക്കൻ ഉപരോധം നീക്കാതെ ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവർത്തിച്ചു. രണ്ടാഴ്‌ചത്തെ വെടിനിർത്തൽ ബുധനാഴ്‌ച അവസാനിക്കും.
അതിനിടെ, ഹോർമുസ് കടലിടുക്ക് അടച്ചതും കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായതും മേഖലയിലെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റിരുന്നു. കടലിടുക്കിന് പുറത്ത് നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുകയാണ്.










0 comments