അഫ്ഗാനിസ്ഥാനിൽ രണ്ട് യുഎൻ ജീവനക്കാരെ താലിബാൻ തടവിലാക്കി

ജനീവ: അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ പൊളിറ്റിക്കൽ മിഷന്റെ ഭാഗമായി ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ടുപേരെ താലിബാൻ പിടികൂടി തടവിലിട്ടു. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ വെച്ച് താലിബാന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഇരുവരും അഫ്ഗാൻ സ്വദേശികളുമാണ്.
ജീവനക്കാരെ അറസ്റ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കാനോ അവരെ സന്ദര്‍ശിക്കാനുള്ള അനുമതി നൽകാനോ അധികാരികൾ തയാറായില്ലെന്ന് യു എൻ അറിയിപ്പിൽ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ ജീവകാരുണ്യ പരമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനും ഉദ്യോഗസ്ഥരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാനും താലിബാൻ തയാറാകണമെന്ന് യു എൻ ഡെപ്യൂട്ടി വക്താവ് ഫര്‍ഹാൻ ഹഖ് ആവശ്യപ്പെട്ടു.
രാജ്യത്ത് മാനുഷിക പ്രതിസന്ധി രൂക്ഷമാവുകയും ഇതോടൊപ്പം പാകിസ്ഥാൻ അതിര്‍ത്തിയിൽ കടുത്ത ഏറ്റുമുട്ടലുകൾ തുടരുകയും ചെയ്യുന്നതിനിടെയാണ് യു എൻ പ്രതിനിധികളുടെ അറസ്റ്റ്.
2021 ഓഗസ്റ്റ് 15-നാണ് താലിബാൻ അധികാരം പിടിച്ചെടുത്തത്. പെൺകുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കയും ഉന്നത വിദ്യാഭ്യസവും തൊഴിൽ അവകാശങ്ങളും തടയുകയും ചെയ്തത് വിവാദമായിരുന്നു. യു എൻ ജീവനക്കാരുടെ അറസ്റ്റ് രാജ്യത്ത് ഉടനീളമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സഹായ വിതരണങ്ങളെയും ബാധിക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രതികരിച്ചു.









0 comments