'മകനും ഭാര്യയും കൺമുന്നിൽവെച്ച് ഒഴുകിപോയി': നേപ്പാൾ പ്രളയഭീകരതയില്‍ വിറങ്ങലിച്ച് ഗ്രാമങ്ങള്‍

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിന്റെ ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ. സംഭവം നടക്കുമ്പോൾ പ്രദേശത്ത് മഴ പെയ്തിരുന്നില്ലെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വെള്ളപ്പാച്ചിൽ എത്തിയതെന്നും ദൃക്സാക്ഷികൾ പറയുന്നു. മീറ്ററുകളോളം ഉയരത്തിൽ തിരമാല പോലെ എത്തിയ വെള്ളപ്പാച്ചിൽ നിമിഷങ്ങൾക്കുള്ളിൽ ആ പ്രദേശത്തെ മുഴുവനും വിഴുങ്ങി. മനുഷ്യജീവനുകള്‍ക്കൊപ്പം 300-ഓളം വാഹനങ്ങളെയും പ്രളയം ഒഴുക്കിക്കൊണ്ടുപോയി.
'ടിബറ്റൻ അതിർത്തിക്കടുത്തുള്ള തിമൂരെയിലാണ് പ്രളയം ആദ്യം ആഞ്ഞടിച്ചത്. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ വെള്ളം താഴേക്ക് കുതിച്ചെത്തി രസൂവ, നുവാകോട്ട്, ധാഡിങ് എന്നീ ജില്ലകളിൽ വൻ നാശനഷ്ട വിതച്ചു. അണക്കെട്ട് തകർന്നതായും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനും രാവിലെ അധികൃതർ പറഞ്ഞെങ്കിലും പലർക്കും ഓടി രക്ഷപ്പെടാൻ സമയം ലഭിച്ചില്ല. എന്റെ 18 വയസ്സുള്ള മകനെയും ഭാര്യയെയും പ്രളയം കൺമുന്നിൽ വെച്ചാണ് ഒഴുക്കിക്കൊണ്ടുപോയത്'- നുവാകോട്ടിലെ ത്രിശൂലി മാർക്കറ്റിൽ വസ്ത്രവ്യാപാരം നടത്തിയിരുന്ന ഒരാൾ പറഞ്ഞു.
മൂന്ന് ജില്ലകളിലാണ് പ്രധാനമായും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായത്. റസുവ മേഖലയിൽ മാത്രം ആയിരത്തിലധികം ആളുകളെ കുറിച്ച് വിവരമില്ല. ലെന്ദേ എന്ന പോഷക നദിയിൽ ഹിമപാതത്തെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടായി. ഇവ ഒന്നാകെ ഒഴുകി എത്തിയതിനെ തുടർന്ന് ഭോട്ടെ കോഷി നദി കരകവിഞ്ഞു. തീരദേശത്തെ മുഴുവൻ ഒഴുക്കിക്കൊണ്ടു പോയി.
ദുരന്തത്തിൽ 170 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയതായാണ് വിവരം. തിരച്ചിൽ തുടരുകയാണ്. കടുത്ത കാലാവസ്ഥ വലിയ വെല്ലുവിളിയായി തുടരുന്നു. വൈദ്യതി നിലയങ്ങൾ പലതും തകർന്നിട്ടുണ്ട്. 12 ശതമാനം മേഖലയിലെ വൈദ്യുതി വിതരണം ശൃംഖലകൾല തകർന്നതായാണ് കണക്കുകൾ. വൈദ്യുതി ബന്ധം വേർപെട്ടതും രക്ഷാ പ്രവർത്തനങ്ങളെയും ആശയ വിനിമയത്തെയും ബാധിക്കുന്നു.









0 comments