ad
Deshabhimani

പാറ്റ, പൂപ്പൽ, ഗുഡ്ക പാക്കറ്റ്, ചിലന്തിവല: ഡൽഹിയിൽ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് എഫ്എസ്എസ്എഐ നോട്ടീസ്

andaz delhi jw marriot
വെബ് ഡെസ്ക്

Published on Aug 27, 2026, 02:59 PM | 2 min read

ന്യൂഡൽഹി: ഡൽഹി ഏയറോസിറ്റിയിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാരണം കാണിക്കൽ നോട്ടീസ്. ഹയാത്തിന്റെ ആഡംബര ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ അൻഡാസിന് കീഴിൽ പ്രവർത്തിക്കുന്ന അൻഡാസ് ഡൽഹിയിലും ജെഡബ്ല്യു മാരിയറ്റിലുമാണ് എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. എഫ്എസ്എസ്എഐ നടത്തിയ മിന്നൽ പരിശോധനയിൽ ഈ ഹോട്ടലുകളിൽ നിന്നും ജീവനുള്ള പാറ്റകൾ, പൂപ്പൽ ബാധിച്ച ഭക്ഷണങ്ങൾ, ബോട്ലിംഗ് പ്ലാന്റിലെ ഗുഡ്ക പാക്കറ്റ് തുടങ്ങിയവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹോട്ടലുകളിൽ ലൈസൻസ് സംബന്ധമായ വീഴ്ചകളും കണ്ടെത്തിയിരുന്നു.


ജൂനിപ്പർ ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന അന്താസ് ഡൽഹിയിൽ നടത്തിയ പരിശോധനയിൽ മിഠായി നിർമാണ വിഭാഗത്തിൽ ഏകദേശം 87 കിലോഗ്രാം കാലാവധി കഴിഞ്ഞ മധുരപലഹാരങ്ങൾ കണ്ടെത്തി. ഇവ സ്ഥലത്തുവച്ചുതന്നെ നശിപ്പിച്ചു. കാലാവധി കഴിഞ്ഞ കേക്ക് ബേസുകളും ബ്രെഡ് പാക്കറ്റുകളും കണ്ടെത്തിയതായും ചില ബ്രെഡ് പാക്കറ്റുകളിൽ പഴയ തീയതിക്കു മുകളിൽ പുതിയ തീയതി രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.


സസ്യാഹാരവും മാംസാഹാരവും കൈകാര്യം ചെയ്യുന്നതിലും ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഹോട്ടലിലെ 'അന്നമയ' കിച്ചണിൽ സസ്യാഹാരത്തിന്റെയും മാംസാഹാരത്തിന്റെയും കട്ടിങ് ബോർഡുകൾ ഒരേ വെള്ളപ്പാത്രത്തിൽ മുക്കിവച്ചിരുന്നു. റൂം ഡൈനിങ് കിച്ചണിൽ സസ്യാഹാരത്തിനായി മാറ്റിവച്ച ബർണറുകളിൽ മാംസാഹാരം പാകം ചെയ്തതായും കണ്ടെത്തി.


ഫ്രീസറുകൾക്ക് സമീപം പാറ്റകൾ, അരയ്ക്കുന്ന മുറിയിൽ ഈച്ചകളും കൊതുകുകളും, വിവിധ ഭാഗങ്ങളിൽ ചിലന്തിവലകളും കണ്ടെത്തി. ബോട്ടിലിങ് പ്ലാന്റ് മേഖലയിലൊരു ഗുട്ക പാക്കറ്റും കണ്ടെത്തിയിട്ടുണ്ട്. മാലിന്യസംസ്‌കരണം, ഭക്ഷണത്തിന്റെ താപനില നിരീക്ഷണം, അലർജി സൃഷ്ടിക്കാവുന്ന ഭക്ഷ്യവസ്തുക്കളുടെ വേർതിരിക്കൽ, അസംസ്‌കൃത വസ്തുക്കളുടെ കാലാവധി പരിശോധിക്കൽ തുടങ്ങിയ കാര്യങ്ങളിലും വീഴ്ചകളുണ്ടായെന്ന് കണ്ടെത്തി.


പശുനെയ്യ്, വെജിറ്റബിൾ മയോണൈസ്, തേങ്ങാപ്പാൽ പൊടി, മസൂർ ദാൽ, തക്കാളി സോസ്, ഓറഞ്ച് മാർമലേഡ്, തേങ്ങാ ബിസ്‌കറ്റ് തുടങ്ങിയവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.


ജെഡബ്ല്യു മാരിയറ്റിൽ രണ്ടുദിവസത്തോളം നീണ്ട പരിശോധനയിൽ 59 വീഴ്ചകളാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ലൈസൻസിങ്, ലേബലിങ് ക്രമക്കേടുകൾക്ക് പുറമെ ഹോട്ടലിന്റെ എഫ്എസ്എസ്എഐ ലൈസൻസിന്റെ പരിധിയിൽപ്പെടാത്ത ചില ചില്ലറവിൽപ്പന, പുനർലേബലിങ് പ്രവർത്തനങ്ങളും കണ്ടെത്തി.


ചില പാക്കറ്റ് ഭക്ഷണങ്ങളിൽ തെറ്റായ എഫ്എസ്എസ്എഐ ലൈസൻസ് നമ്പറും നിർമ്മാതാവിന്റെ വിലാസം അപൂർണമായും രേഖപ്പെടുത്തിയിരുന്നു. പനീർ, ഖോയ, ചന മസാല, മുളക് തുടങ്ങിയ ചില ഉൽപ്പന്നങ്ങൾക്ക് ആവശ്യമായ ലൈസൻസോ അംഗീകാര രേഖകളോ പരിശോധനയ്ക്കിടെ ഹാജരാക്കാനായിരുന്നില്ല.


വൃത്തിഹീനമായ പാത്രങ്ങൾ, പാചകവും ഭക്ഷണവും കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വക്കുറവ്, കുടിവെള്ളത്തിൽ ദൃശ്യമായ കണികകൾ, പാറ്റകൾ ഈച്ചകൾ എന്നിവയും കണ്ടെത്തി. പൂപ്പൽ പിടിച്ച ആപ്പിൾ, ചീഞ്ഞ തക്കാളി, മൂടിവയ്ക്കാത്ത ഭക്ഷണം, കേടായ സംഭരണപാത്രങ്ങൾ, തെറ്റായി സൂക്ഷിച്ച മുറിച്ച പച്ചക്കറികൾ എന്നിവയും പരിശോധനയിൽ കണ്ടെത്തി.


ചൈനീസ്, ഇന്ത്യൻ, ഇറ്റാലിയൻ, ബേക്കറി അടുക്കളകളിലും ശുചിത്വവും സംഭരണവും സംബന്ധിച്ച വീഴ്ചകൾ കണ്ടെത്തി. കുടിവെള്ള സംഭരണടാങ്കിൽ തുരുമ്പ് കണ്ടെത്തിയിരുന്നു. തേൻ, പാൽപ്പൊടി, കുടിവെള്ളം, റെഡ് വെൽവറ്റ് സ്പോഞ്ച്, രസ്മലൈ, ഖോയ, പനീർ, ചട്നി എന്നിവയുടെ സാമ്പിളുകളും ലാബ് പരിശോധനയ്ക്കായി ശേഖരിച്ചു.


പരിശോധനാഫലത്തിന്റെയും ഹോട്ടലുകൾ നൽകുന്ന വിശദീകരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. മഹാരാഷ്ട്രയിൽ ഭക്ഷ്യ-ഔഷധ ഭരണകൂട കമ്മീഷണർ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിൽ ശക്തമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടെയാണ് ഡൽഹിയിലും നടപടി കടുപ്പിക്കുന്നത്.


ബംഗളൂരുവിലും അടുത്തിടെ 26 ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പരിശോധന നടത്തി കാലാവധി കഴിഞ്ഞ ഭക്ഷണം, പൂപ്പൽ പിടിച്ച പച്ചക്കറികൾ, ശുചിത്വക്കുറവ് തുടങ്ങിയവ കണ്ടെത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home