നാരങ്ങ മുറിച്ച് മഴ നിർത്തിച്ചെന്ന് ബിജെപി എംപി; വിലക്കയറ്റം തടയാനും ഒരു നാരങ്ങ മുറിക്കൂ എന്ന് പ്രതിപക്ഷം

റായ്പൂർ: നാരങ്ങ മുറിച്ച് മഴമാറ്റിയെന്ന ബിജെപി എംപിയുടെ വിചിത്ര വാദം രാഷ്ട്രീയപ്പോരിലേക്ക്. മുഖ്യമന്ത്രി വിഷ്ണു ദേവ് സായി പങ്കെടുത്ത ചടങ്ങിനിടെ പെയ്ത മഴ, താൻ മഹാദേവനോട് പ്രാർത്ഥിച്ച് 'നാരങ്ങ മുറിച്ചാണ്' നിർത്തിയതെന്നായിരുന്നു ചത്തീസ്ഗഢിലെ കാങ്കറിൽ നിന്നുള്ള ബിജെപി എംപി ഭോജ്രാജ് നാഗിന്റെ വാദം. ബാലോദ് ജില്ലയിൽ നടന്ന 'മഹ്താരി വന്ദൻ' പദ്ധതിയുമായി ബന്ധപ്പെട്ട പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. പരാമർശത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ പരിഹാസവും വിമർശനവും ശക്തമായി.
പരിപാടി ദിവസം കനത്ത മഴയായിരുന്നെന്നും മുഖ്യമന്ത്രിയുടെ സന്ദർശനം തടസ്സപ്പെടാതിരിക്കാൻ ബുധാദേവനോടും മഹാദേവനോടും പ്രാർത്ഥിച്ച് നാരങ്ങ മുറിച്ചതോടെ മഴ മാറിയെന്നുമാണ് എംപി വേദിയിൽ അവകാശപ്പെട്ടത്. “ഇനി മഴ പെയ്യണമെങ്കിൽ പെയ്യട്ടെ” എന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല നാഗ് ഇത്തരം പരാമർശങ്ങൾ നടത്തുന്നത്. പരാതികളിൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരെ നാരങ്ങ മുറിച്ച് ശരിയാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ‘ജാഡ്-ഫൂങ്ക്’, ഭൂതബാധ നീക്കൽ തുടങ്ങിയ അന്ധവിശ്വാസപരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.
എന്നാൽ എംപിയുടെ വാദത്തിനെതിരെ കടുത്ത പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തി. നാരങ്ങ മുറിച്ചാൽ മഴ മാറുമെങ്കിൽ ആ വിദ്യ ഉപയോഗിച്ച് രാജ്യത്തെ വിലക്കയറ്റവും പഞ്ചസാര വിലയും കുറച്ചുതരാൻ എംപി തയ്യാറാകണമെന്നായിരുന്നു ഛത്തീസ്ഗഢ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ് പറഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയയിലും എംപിയുടെ പരാമർശത്തിനെതിരെ രൂക്ഷമായ ട്രോളുകളാണ് ഉയരുന്നത്.










0 comments