പ്രിൻസ് ഹാരിയും മേഗൻ മാർക്കിളും ആറുവർഷത്തിന് ശേഷം ബ്രിട്ടനിൽ

ലണ്ടൻ: പ്രിൻസ് ഹാരിയും മേഗൻ മാർക്കിളും ആറുവർഷത്തിന് ശേഷം ബ്രിട്ടനിൽ. മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരും ഇവരോടൊപ്പമുണ്ട്. ബുധനാഴ്ച ഉച്ചയോടെ കാലിഫോർണിയയിൽനിന്ന് സ്വകാര്യ യാത്രയായി ബർമിങ്ഹാം വിമാനത്താവളത്തിലെത്തിയെന്നാണ് ദ ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തത്.
രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകളിൽനിന്ന് വിട്ടുനിന്ന് സ്വകാര്യ പൗരന്മാരായി ബ്രിട്ടനിൽ കഴിയാനാണ് കുടുംബത്തിന്റെ തീരുമാനം. കോട്സ്‌വോൾഡ്സിലെ ഒരു വസതിയായിരിക്കും ഇവരുടെ താമസകേന്ദ്രമെന്നാണ് റിപ്പോർട്ട്. ആർച്ചിയെയും ലിലിബെറ്റിനെയും ബ്രിട്ടനിലെ സ്കൂളിൽ ചേർത്തതായും പുതിയ അധ്യയന വർഷം അടുത്തയാഴ്ച ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുടുംബം എത്രകാലം ബ്രിട്ടനിൽ തുടരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ആറുമാസമോ ഒരു വർഷമോ അതിലും കൂടുതലോ കഴിയാനിടയുണ്ട്.
2020ന്റെ തുടക്കത്തിലാണ് ഹാരിയും മേഗനും രാജകുടുംബത്തിലെ സജീവ ഔദ്യോഗിക ചുമതലകളിൽനിന്ന് പിന്മാറിയത്. തുടർന്ന് ഇരുവരും അമേരിക്കയിലെ കാലിഫോർണിയയിലേക്ക് താമസം മാറ്റി. മക്കളുമായി ദീർഘകാലത്തേക്ക് ബ്രിട്ടനിലേക്ക് തിരിച്ചെത്തുന്നത് ഇതാദ്യമാണ്.
കുടുംബത്തിന്റെ ബ്രിട്ടനിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് കിങ് ചാൾസിനെ ഈ മാസം ആദ്യം അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ബ്രിട്ടൻ സന്ദർശിച്ചപ്പോൾ ഹാരിയും മേഗനും മക്കളും ഹൈഗ്രോവിൽ കിങ് ചാൾസിനെ കണ്ടിരുന്നു. പ്രിൻസ് വില്യമിനെയും കാതറിനെയും പുതിയ തീരുമാനത്തെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹാരിയുടെ ബ്രിട്ടനിലെ സുരക്ഷാ ക്രമീകരണങ്ങളും വീണ്ടും ചർച്ചയാകുകയാണ്. രാജകുടുംബത്തിലെ ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ് അമേരിക്കയിലേക്ക് മാറിയതിന് പിന്നാലെ സർക്കാർ ചെലവിലുള്ള സുരക്ഷ കുറച്ച തീരുമാനത്തിനെതിരെ ഹാരി നൽകിയ നിയമപോരാട്ടം കഴിഞ്ഞവർഷം പരാജയപ്പെട്ടിരുന്നു.









0 comments