ad
Deshabhimani

പയ്യന്നൂർ പെരുമ്പയിൽ കാറിടിച്ച് മയ്യിൽ സ്വദേശി മരിച്ചു: സുഹൃത്തിന് പരിക്ക്

shahid obit.jpg
വെബ് ഡെസ്ക്

Published on Aug 27, 2026, 04:38 PM | 1 min read

പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയിൽ കാറിടിച്ച് കാൽനടയാത്രക്കാരനായ യുവാവ് മരിച്ചു. മയ്യിൽ നിരത്തുംപാലത്തെ ഷാഹിദ് (21) ആണ് മരിച്ചത്. സുഹൃത്ത് ഷിബിൽ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇരുവരും കൊല്ലം ഖാദിയസിയ കോളേജിലെ വിദ്യാർഥികളാണ്.


ബുധൻ പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് ട്രെയിനിൽ യാത്ര തിരിച്ച ഇവർ ഉറങ്ങിപ്പോയതിനാൽ കണ്ണൂരിൽ ഇറങ്ങാൻ സാധിച്ചില്ല. രാത്രി 1.30 ഓടെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെനിന്നും പെരുമ്പ കെഎസ്ആർടിസി ഡിപ്പോയിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. പയ്യന്നൂർ ടൗൺ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാർ ഇവരെ ഇടിച്ചു തെറിപ്പിച്ചശേഷം അതുവഴി പോകുകയായിരുന്ന സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും പിന്നീട് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഷാഹിദ് മരിച്ചിരുന്നു.


അപകടത്തിനുശേഷം നിർത്താതെ പോയ കാർ പയ്യന്നൂർ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത പൊലീസ് കാർ ഓടിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മയ്യിലിലെ മുഹമ്മദ് കുഞ്ഞി മൗലവിയുടെയും സെക്കീനയുടെയും മകനാണ് ഷാഹിദ്. സഹോദരി: ഫാത്തിമ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home