വിജയദശമി ദിനത്തിൽ വിജയ് ദേവരകൊണ്ടയുടെ ‘രണബാലി’; പാൻ-ഇന്ത്യൻ റിലീസ് ഒക്ടോബർ 16ന്

രണബാലി സിനിമയുടെ പോസ്റ്റർ (ഇടത്) വിജയ് ദേവരകൊണ്ട (വലത്)| Photo: Social Media
ഹൈദരാബാദ് : വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രം 'രണബാലി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. രാഹുൽ സാങ്ക്രിത്യൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വിജയദശമി ദിനമായ ഒക്ടോബർ 16ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ടി-സീരീസ് ആണ് അവതരിപ്പിക്കുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം പറയുന്നത്. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നു. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചന.
'നമ്മുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായം ഈ ഒക്ടോബറിൽ ആരംഭിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേൺസ്', 'ബ്ലഡ് ഡയമണ്ട്' സിനിമകളിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ എത്തുന്നത്. സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.
ചിത്രത്തിലെ 'ഏൻന്തയ്യ സാമി...' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. 'രണബാലി'യുടെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും രശ്‌മിക, വിജയ് ദേവരകൊണ്ട ബെർത്ഡേ സ്പെഷൽ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്റ്റുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമാതാക്കൾ: അനുരാഗ് പർവ്വതനേനി, ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.









0 comments