Deshabhimani

print edition അഭിമാനമായ് 
മലയാളി വിജയം

US
വെബ് ഡെസ്ക്

Published on Nov 05, 2026, 01:20 AM | 1 min read

ഹൂസ്റ്റൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മലയാളികൾക്ക്‌ മികച്ച വിജയം. ടെക്സസിലെ 240–-ാം ജുഡീഷ്യൽ ജില്ലാ ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച കാഞ്ഞങ്ങാട്‌ വെള്ളരിക്കുണ്ട്‌ ബളാൽ സ്വദേശി സുരേന്ദ്രൻ കെ പട്ടേൽ വീണ്ടും ജയിച്ചു. സിറ്റിങ്‌ ജഡ്‌ജിയായ സുരേന്ദ്രൻ ഡെമോക്രാറ്റിക് പാർടി സ്ഥാനാർഥിയായാണ്‌ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്‌. വോട്ടിങ്ങിലൂടെയാണ്‌ ഇവിടെ ജഡ്‌ജിമാരെ തെരഞ്ഞെടുക്കുന്നത്‌.

റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശാ റെഡ്ഡിയെയാണ്‌ സുരേന്ദ്രൻ പരാജയപ്പെടുത്തിയത്‌. പോൾ ചെയ്‌ത 1,82,760 വോട്ടിൽ 60.23 ശതമാനം സുരേന്ദ്രൻ സ്വന്തമാക്കി. ആശാ റെഡ്ഡിക്ക് 39.77 ശതമാനം വോട്ടുകിട്ടി. കാഞ്ഞങ്ങാട്ട്‌ യുവജന പ്രസ്ഥാനത്തിൽ നിറഞ്ഞുനിന്ന സുരേന്ദ്രൻ, കലിക്കറ്റ്‌ സർവകലാശാലയിൽനിന്ന്‌ എൽഎൽബി കഴിഞ്ഞ്‌ 1996ൽ കാഞ്ഞങ്ങാട്ട്‌ അഭിഭാഷകനായി.


2005ൽ സുപ്രീംകോടതിയിലും പ്രാക്ടീസ്‌ ചെയ്‌തു. 2007ൽ ഭാര്യയ്‌ക്കൊപ്പം യുഎസിലേക്ക്‌ കുടിയേറി. രണ്ടു പെൺമക്കളുണ്ട്‌. കഴിഞ്ഞവർഷം ഓണക്കാലത്ത്‌ നാട്ടിലേക്ക്‌ വന്നിരുന്നു. ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജി സ്ഥാനത്ത്‌ ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലി എ മാത്യുവും ജയിച്ചു. ആകെ പോൾ ചെയ്ത വോട്ടിൽ 60.66 ശതമാനം ജൂലിക്ക്‌ ലഭിച്ചു.


പത്തനംതിട്ട തിരുവല്ല വെണ്ണിക്കുളം സ്വദേശിയാണ്. ജൂലിയുടെ സ്‌കൂൾ പഠനകാലത്ത് കുടുംബം അമേരിക്കയിലേക്ക് കുടിയേറി. കാസർകോട്‌ സ്വദേശി ജിമ്മി മാത്യുവാണ് ഭർത്താവ്‌. ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ജില്ലാ ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള കക്ഷിരഹിത തെരഞ്ഞെടുപ്പിൽ മാർട്ടിൻ ജോൺ സ്വതന്ത്രനായി വിജയിച്ചിട്ടുണ്ട്‌. 57.14 ശതമാനം വോട്ടാണ്‌ കിട്ടിയത്‌.


പാലാ സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാനാണ് ഇദ്ദേഹം. കോട്ടയം കാഞ്ഞിരപ്പള്ളി മാഞ്ഞുകുളം സ്വദേശിയാണ്. അമേരിക്കൻ പ്രാദേശിക ഭരണത്തിലും നീതിന്യായ മേഖലയിലും കൂടുതൽ മലയാളികൾ ഇ‍ൗ തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home