ബഹിരാകാശത്ത് ഏറ്റവുമധികം സമയം (608 ദിവസം) ചെലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരി
print edition നേട്ടങ്ങൾ കൈയെത്തിപ്പിടിച്ച് സുനിത വില്യംസിന്റെ പടിയിറക്കം

വാഷിങ്‌ടൺ
ബഹിരാകാശത്തെ സ്വപ്‌നതുല്യമായ നേട്ടങ്ങൾ കൈയെത്തിപ്പിടിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽനിന്ന് വിരമിച്ചു. 27 വർഷത്തെ സാഹസികവും പരീക്ഷണാത്മകവുമായ യാത്രയിൽനിന്നാണ് സുനിത ഒൗദ്യോഗികമായി പടിയിറങ്ങുന്നത്. മൂന്ന് തവണയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രചെയ്‌ത സുനിത ബഹിരാകാശത്ത് ഏറ്റവുമധികം സമയം (608 ദിവസം) ചെലവഴിച്ച രണ്ടാമത്തെ നാസ സഞ്ചാരി എന്ന റെക്കോർഡിനുടമയാണ്. ഇന്ത്യാ സന്ദർശനത്തിനിടെയാണ് വിരമിക്കൽ വാർത്ത പുറത്തുവരുന്നത്.
ബഹിരാകാശ സഞ്ചാരത്തിലെ വഴികാട്ടിയാണ് സുനിത വില്യംസെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു. ഏറ്റവും കൂടുതൽ സമയം സ്‌പേസ് വാക്ക് നടത്തിയ വനിത എന്ന റെക്കോർഡ് സുനിതയുടെ പേരിലാണ്, ഒന്പത് തവണയായി 62 മണിക്കൂറും ആറ് മിനിറ്റും. മൂന്ന് ദൗത്യങ്ങളിലായി 600-ലധികം ദിവസങ്ങൾ സുനിത ബഹിരാകാശത്ത് ചെലവഴിച്ചു. ബഹിരാകാശത്ത് മാരത്തൺ ഓടിയ ആദ്യ വ്യക്തി എന്ന നേട്ടവും സുനിതയ്‌ക്ക് സ്വന്തം. കരിയറിലെ ഏറ്റവും പ്രതിസന്ധിയുള്ളതായിരുന്നു 2024-ലെ സ്റ്റാർലൈനർ ദൗത്യം. ഒരാഴ്‌ചത്തെ ദൗത്യത്തിന് പോയ സുനിതയ്‌ക്കും സഹസഞ്ചാരി ബുച്ച് വിൽമോറിനും പേടകത്തിന്റെ സാങ്കേതിക തകരാറുമൂലം ഒന്പത് മാസത്തോളം ബഹിരാകാശത്ത് തുടരേണ്ടി വന്നു. ഡൽഹിയിലെത്തിയ സുനിത വില്യംസ് ബഹിരാകാശയാത്രയ്‌ക്കിടെ കൊല്ലപ്പെട്ട കൽപ്പന ചാവ്‌ളയുടെ അമ്മ സംയോഗിത ചാവ്‌ളയെ സന്ദർശിച്ചു.
1965 സെപ്തംബർ 19-ന് യുഎസിലെ ഒഹായോയിലാണ് സുനിതയുടെ ജനനം. ഗുജറാത്തിൽനിന്ന് യുഎസിലേക്കു കുടിയേറിയ ഡോ. ദീപക് പാണ്ഡ്യയുടെയും സ്ലൊവേനിയൻ വംശജ ബോണിയുടെയും മകളാണ്.










0 comments