പാകിസ്ഥാനിൽ ചാവേർ ആക്രമണം: 11 പേർ കൊല്ലപ്പെട്ടു

PHOTO CREDIT: X
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചാവേർ ആക്രമണം. 11 പേർ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായും 40 പേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ ബലൂചിസ്ഥാൻ നാഷണൽ പാർടി(ബിഎൻപി)യുടെ റാലിക്കിടെയായിരുന്നു ആക്രമണം.
ബിഎൻപി സ്ഥാപകൻ അത്തൗല്ല മെംഗലിന്റെ ചരമവാർഷികത്തോടനുബന്ധിച്ചുള്ള പാർടി റാലിക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നതെന്ന് ബിഎൻപി-എമ്മിന്റെ ആക്ടിംഗ് പ്രസിഡന്റ് അഡ്വക്കേറ്റ് സാജിദ് തരീൻ പറഞ്ഞു. നൂറുകണക്കിന് അനുയായികൾ ഒത്തുകൂടിയ സ്റ്റേഡിയത്തിന്റെ പാർക്കിംഗ് സ്ഥലത്താണ് സ്‌ഫോടനം നടന്നത്.
ആക്രമണം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷാ സേന പ്രദേശം വേഗത്തിൽ വളഞ്ഞു. ആക്രമണത്തിൽ അന്വേഷണം ആരംഭിച്ചു. ഇറാന്റെ അതിർത്തിക്കടുത്തുള്ള ബലൂചിസ്ഥാനിൽ ചൊവ്വാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.










0 comments