ad
Deshabhimani

പാകിസ്ഥാനിൽ ചാവേറാക്രമണം; 12 മരണം, 18 പേർക്ക് പരിക്ക്

Pakistan suicide attack

വീഡിയോ സ്ക്രീൻഷോട്ട്

വെബ് ഡെസ്ക്

Published on Sep 26, 2026, 07:30 PM | 1 min read

പെഷാവർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. പൊലീസ് ചെക്ക്‌പോസ്റ്റ് ലക്ഷ്യമാക്കി നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ നടത്തിയ ആക്രമണത്തിലാണ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 12 പേർ കൊല്ലപ്പെട്ടത്. സംഘർഷബാധിത പ്രദേശങ്ങളായ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിക്ക് സമീപം, ഡെറ ഇസ്മായിൽ ഖാൻ ജില്ലയിലെ ദരാസിന്ദ തെഹ്‌സിലിലാണ് സംഭവമുണ്ടായതെന്ന് പാകിസ്ഥാനിലെ ദേശീയ അടിയന്തര സേവന വിഭാഗമായ 'റെസ്ക്യൂ 1122' പറയുന്നു.


സ്ഫോടക വസ്തുക്കൾ നിറച്ച ട്രാക്ടർ തെഹ്സിലിലെ അമൻ മേല പൊലീസ് ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റീജിയണൽ പൊലീസ് ഓഫീസർ ഖാൻ മുബാഷിർ മാലിക് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ കസ്റ്റംസ്, എക്സൈസ് ഉദ്യോ​ഗസ്ഥരുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത ജാ​ഗ്രത നിർദേശം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home