പ്രേതബാധ, രാത്രിയിൽ നിലവിളി കേൾക്കുന്നു; പഞ്ചാബിൽ സ്വകാര്യ സർവകലാശാല ഹോസ്റ്റലിൽ വിദ്യാർഥി പ്രതിഷേധം

ചണ്ഡീഗഡ് : ക്യാമ്പസിലും ഹോസ്റ്റലിലും പ്രേതബാധയുണ്ടെന്ന പ്രചരണത്തെത്തുടർന്ന് പഞ്ചാബിൽ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. പഞ്ചാബിലെ പട്യാലയിലെ ചിത്കാര യൂണിവേഴ്സിറ്റിയിലാണ് പ്രേതബാധയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് പ്രതിഷേധം അരങ്ങേറിയത്. സർവകലാശാലയുടെ വനിത ഹോസ്റ്റലിൽ പ്രേതശല്യമുണ്ടെന്നും ഹോസ്റ്റലിൽ മുമ്പ് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ ആത്മാവാണ് ശല്യമുണ്ടാക്കുന്നതെന്നും ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിദ്യാർഥികൾ രംഗത്തിറങ്ങിയത്.
ഹോസ്റ്റലിൽ നിന്ന് നിലവിളികൾ കേൾക്കാറുണ്ടെന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായെന്ന അഭ്യൂഹവും പ്രചരിച്ചു. എന്നാൽ ഹോസ്റ്റലിൽ ആത്മഹത്യയോ മരണമോ ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. രാത്രിയിൽ ചില വിദ്യാർഥികൾ മറ്റ് വിദ്യാർഥികളുടെ മുറികളുടെ വാതിലിൽ മുട്ടിയ ശേഷം ഓടിപ്പോകുന്നതാണ് ഇത്തരം അഭ്യൂഹങ്ങൾ പരക്കാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.
ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് വിദ്യാർഥിയെ ആംബുലൻസിൽ ക്യാമ്പസിൽ എത്തിച്ചിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് കാരണമായതായി അധികൃതർ പറയുന്നു. ഒരു ‘പുരോഹിതൻ’ വനിതാ ഹോസ്റ്റലിലെത്തിയതായുള്ള പ്രചാരണവും ഉണ്ടായിരുന്നു. എന്നാൽ സർവകലാശാലയിൽ പഠിക്കുന്ന മകളെ കാണാനെത്തിയ വ്യക്തിയാണെന്ന് അധികൃതർ വ്യക്തമാക്കി.
ക്യാമ്പസിൽ പ്രേതമുണ്ടെന്ന തരത്തിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതോടെയാണ് വെള്ളി രാത്രിയോടെ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തിനിടെ സർവകലാശാലയിലെ ചില വസ്തുക്കൾ നശിപ്പിച്ചതായി അധികൃതർ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ അധികൃതർ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായതായും പൊലീസ് വാഹനത്തിന് കേടുപാടുകളുണ്ടായതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ രണ്ട് വിദ്യാർഥിനികളെ കാണാതായെന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ ഇതുവരെ ഒരു വിദ്യാർത്ഥിയുടെയും പേരോ വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും, ഏത് വിദ്യാർഥികളെയാണ് കാണാതായതെന്ന കാര്യത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ പക്കലും വിവരമൊന്നുമില്ലെന്നും പൊലീസ് പറയുന്നു.
വിദ്യാർഥികളിൽ നിന്ന് പരാതികൾ സ്വീകരിച്ചതായും ഇക്കാര്യം ഗൗരവമായി അന്വേഷിക്കുമെന്നും സിംഗ് പറഞ്ഞു. ഏതെങ്കിലും വിദ്യാർഥിനിയെ കാണാതായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ, ആ പരാതിയിലും പൂർണ്ണമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സർവകലാശാലയിലെ സാഹചര്യം ശാന്തമാണെന്നും വിദ്യാർഥികൾ സുരക്ഷിതരാണെന്നും ഡിഎസ്പി രക്ഷിതാക്കൾക്ക് ഉറപ്പുനൽകി.
ഹോസ്റ്റൽ മുറികളുടെ വാതിലുകളിൽ മുട്ടുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിലും തുടർന്നുണ്ടായ അഭ്യൂഹങ്ങളിലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസും സർവകലാശാലാ അധികൃതരും വിദ്യാർഥികൾക്ക് ഉറപ്പുനൽകി. അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.









0 comments