ad
Deshabhimani

വിമാനത്താവളത്തിൽ അർധ സൈനിക സേനയുടെ ആക്രമണം; ഡ്രോൺ വെടിവച്ചിട്ടതായി സുഡാൻ സൈന്യം

sudan khartoum airport

ഏപ്രില്‍ 28ന് ഖാര്‍ത്തൂം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച വിമാനം. photo credit: AFP / KHALED DESOUKI

വെബ് ഡെസ്ക്

Published on May 05, 2026, 12:05 PM | 1 min read

ഷെൻഡി : സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ വിമാനത്താവളം ലക്ഷ്യമാക്കി തിങ്കളാഴ്ച സുഡാൻ അർധ സൈനിക സേന വിക്ഷേപിച്ച ഡ്രോൺ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് വെടിവച്ചിട്ടതായി വിമാനത്താവള അധികൃതർ പറഞ്ഞു. സുഡാനിൽ സൈന്യവും അർധ സൈനിക വിഭാ​ഗമായ റാപിഡ് സപ്പോഴ്ട്ടേഴ്സ് ഫോഴ്സും തമ്മിൽ ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും പുതിയ ആക്രമണമാണിത്.


ശനിയാഴ്ച ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്ത് ഒരു സിവിലിയൻ വാഹനത്തിൽ ഡ്രോൺ പതിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം. ഡ്രോൺ വിമാനത്താവളത്തിലേക്ക് അടുക്കുന്നതിനിടെ സുഡാൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടതായും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നും വിമാനത്താവള അധികൃതർ പറഞ്ഞു. ഒരു അയൽരാജ്യത്ത് നിന്നാണ് ഡ്രോൺ വിക്ഷേപിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.


ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ, വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചെങ്കിലും പതിവ് പരിശോധനകൾക്ക് ശേഷം അവ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ഏപ്രിലിൽ സൈന്യവും ആർ‌എസ്‌എഫും തമ്മിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ഖാർത്തൂമിൽ സാധാരണ ജീവിതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാ​ഗമായാണ് കഴിഞ്ഞ വർഷം വിമാനത്താവളം വീണ്ടും തുറന്നത്.


കഴിഞ്ഞ വർഷം സൈന്യം തിരിച്ചുപിടിച്ചതിനുശേഷം ഖാർത്തൂം ആർ‌എസ്‌എഫിന്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും അടുത്തിടെയായി ആക്രമണങ്ങൾ വീണ്ടും ആരംഭിച്ചു. യുദ്ധം ആരംഭിച്ചതിനുശേഷം സുഡാനിൽ ഇതുവരെ 59,000 പേർ കൊല്ലപ്പെട്ടുവെന്ന് സ്വതന്ത്ര സംഘർഷ നിരീക്ഷണ സ്ഥാപനമായ ആംഡ് കോൺഫ്ലിക്റ്റ് ലൊക്കേഷൻ ആൻഡ് ഇവന്റ് ഡാറ്റ പറയുന്നു. യഥാർത്ഥ മരണസംഖ്യ ഇതിസും കൂടുതലായിരിക്കുമെന്നാണ് സഹായ ഗ്രൂപ്പുകൾ പറയുന്നത്.


യുദ്ധം 12 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും സുഡാന്റെ ചില ഭാഗങ്ങളെ ക്ഷാമത്തിലേക്ക് തള്ളിവിടുകയും ചെയ്തതായി യുണൈറ്റഡ് നേഷൻസ് വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home