ad
Deshabhimani

print edition ഹോർമുസ് ഇന്ധനനീക്കം; സാധാരണനിലയിലാകാൻ
മാസങ്ങളെടുക്കും

Hormuz

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jun 16, 2026, 12:00 AM | 1 min read

വാഷിങ്‌ടൺ/തെഹ്‌റാൻ: ഇറാനും അമേരിക്കയും സമാധാനക്കരാറിൽ എത്തിയെങ്കിലും യുദ്ധം സൃഷ്‌ടിച്ച പ്രതിസന്ധിയും ആഘാതങ്ങളും മറികടക്കാൻ മാസങ്ങളെടുക്കും. തന്ത്രപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണതോതിലാകാനും ആഗോള സമ്പദ്‌വ്യവസ്ഥ സാധാരണ നില കൈവരിക്കാനും ഏറെക്കാലമെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാഷ്ട്രീയ ധാരണകൾ രൂപപ്പെട്ടെങ്കിലും ലോകത്തെ ഏറ്റവും തന്ത്രപ്രധാന കപ്പൽപ്പാത പഴയപടി സുരക്ഷിതമാകുന്നതിനെ ആശ്രയിച്ചിരിക്കും ആഗോളവിപണിയുടെ ഭാവി.


അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ച ഫെബ്രുവരി 28 മുതൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇറാനുമായി സൗഹൃദമുള്ള രാജ്യങ്ങളിലെ ചുരുക്കം കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതിയുണ്ടായിരുന്നത്. ഇതിനിടെ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം സ്ഥിതി കൂടുതൽ സങ്കീർണവും സംഘർഷഭരിതവുമാക്കി.


ഇപ്പോൾ കരാർ പ്രഖ്യാപിച്ചെങ്കിലും ഹോർമുസിൽ കപ്പൽഗതാഗതം പ്രതിസന്ധിയിലാണ്. കടൽബോംബുകളും ഡ്രോൺ ആക്രമണഭീഷണിയും നിലനിൽക്കുന്നതിനാൽ നൂറുകണക്കിന് കപ്പലുകളാണ് ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത്. അന്താരാഷ്ട്ര ഷിപ്പ് ട്രാക്കിങ്‌ വെബ്സൈറ്റായ മറൈൻ ട്രാഫിക്കിന്റെ വിവരങ്ങൾ പ്രകാരം, 48 മണിക്കൂറിനിടെ രണ്ടു കപ്പൽ മാത്രമാണ് കടന്നുപോയത്. കരാർ ഒപ്പിട്ടശേഷം മേഖലയിലെ മൈനുകൾ നീക്കംചെയ്യുന്നതോടെ വരുംദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ പുറത്തെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.


കടലിടുക്കിൽ സുരക്ഷിതപാത ഒരുക്കിയാലും എണ്ണവിതരണം പഴയപടിയാകാൻ സമയമെടുക്കും. നിലവിൽ എണ്ണടാങ്കറുകൾ പലതും തെറ്റായ ലൊക്കേഷനുകളിലാണ്. ഇവയെല്ലാം കൃത്യമായി പുനഃക്രമീകരിക്കേണ്ടതുണ്ട്. എണ്ണ ഉൽപ്പാദന-–ശുദ്ധീകരണ ശാലകൾ വീണ്ടും പൂർണശേഷിയിൽ പ്രവർത്തിച്ചുതുടങ്ങാൻ സമയമെടുക്കും. യുദ്ധമേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതുമായി ബന്ധപ്പെട്ടും ആശങ്ക നിലനിൽക്കുന്നു.


ഹോർമുസ് 
കടന്ന് "ദിശ'


ഒമാന്‍: യുഎസും ഇറാനും തമ്മിൽ സമാധാന കരാറിലെത്തിയെന്ന പ്രഖ്യാപനത്തിനിടെ, ഖത്തറില്‍നിന്നുള്ള ദ്രവീകൃത പ്രകൃതിവാതക(എന്‍എന്‍ജി)വുമായി ഇന്ത്യന്‍ടാങ്കര്‍ "ദിശ' ഹോർമുസ് കടലിടുക്ക് കടന്നു. രണ്ട് മാസത്തിനിടെ ഹോർമുസ് കടലിടുക്കിലെ അപകടസാധ്യത നിറഞ്ഞ ജലപാതയിലൂടെ കടന്നുപോകുന്ന ആദ്യത്തെ ഇന്ത്യൻ വ്യാപാര കപ്പലാണിത്.


സമാധാന കരാർ പ്രഖ്യാപനത്തിന് ശേഷം കടലിടുക്ക് കടക്കുന്ന ആദ്യത്തെ കപ്പലാണ് "ദിശ' എന്നാണ് കപ്പൽ ട്രാക്കിംഗ് വെബ്സൈറ്റുകളെ ഉദ്ധരിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. 62,370 ടൺ എൽഎൻജി വഹിക്കുന്ന കപ്പല്‍ മൂന്ന് മാസത്തിലേറെയായി പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home