ad
Deshabhimani

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി: ആഗോളതലത്തിൽ കടുത്ത ഇന്ധനക്ഷാമത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Hormuz

ഹോർമുസ് കടലിടുക്ക്

വെബ് ഡെസ്ക്

Published on May 30, 2026, 09:59 AM | 1 min read

വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം എത്രയും വേഗം പുനഃസ്ഥാപിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വേനൽക്കാലത്ത് ആഗോളതലത്തിൽ കടുത്ത ഇന്ധനക്ഷാമം നേരിടേണ്ടിവരുമെന്ന് അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, വേൾഡ് ബാങ്ക്, ഇന്റർനാഷണൽ എനർജി ഏജൻസി എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആശങ്ക പങ്കുവെച്ചത്. ഗൾഫ് മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള എണ്ണശേഖരത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്.


ലോകത്തെ മൊത്തം ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ് കടലിടുക്ക്. യുഎസ്, ഇസ്രായേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട നിലവിലെ സംഘർഷങ്ങളാണ് ഈ മേഖലയിലെ കപ്പൽ ഗതാഗതത്തെ സാരമായി ബാധിച്ചത്. പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ഏപ്രിലിൽ രൂപീകരിച്ച പ്രത്യേക ടാസ്‌ക് ഫോഴ്‌സ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളെ സഹായിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്.


വർധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധി ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചതിനാൽ ആഗോള വളർച്ചാ നിരക്ക് മുൻപ് പ്രവചിച്ചതിനേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് ഐഎംഎഫ് വ്യക്തമാക്കി. ഇന്ധനവില വർധനവ് ആഗോള ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ട്. ഊർജ്ജച്ചെലവ് ഉയർന്നതോടെ രാസവളങ്ങളുടെ വില കുത്തനെ കൂടിയത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി.


സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ രാജ്യങ്ങൾക്ക് 20 ബില്യൺ മുതൽ 50 ബില്യൺ ഡോളർ വരെ സാമ്പത്തിക സഹായം ആവശ്യമായി വരും. നിലവിലെ സാഹചര്യത്തിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടിയന്തര സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home