തുർക്കിയിൽ സ്റ്റീൽ പ്ലാന്റിൽ വൻ സ്ഫോടനം; 10 മരണം, നാലുപേരെ കാണാതായി

ഇസ്താംബുൾ: പടിഞ്ഞാറൻ തുർക്കിയിലെ ഇരുമ്പ്, ഉരുക്ക് നിർമാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 10 പേർ മരിച്ചു. നാലുപേരെ കാണാതായി. 15 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇസ്മിർ പ്രവിശ്യയിലെ അലിയാഗയിലുള്ള ഹബാസ് (HABAS) സ്റ്റീൽ പ്ലാന്റിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഉരുകിയ ഉരുക്ക് വാർക്കുന്നതിനിടെ മുകളിലുണ്ടായിരുന്ന ക്രെയിൻ ചൂളയിലേക്ക് മറിഞ്ഞുവീണതാണ് സ്ഫോടനത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. സ്ഫോടനത്തെ തുടർന്ന് പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. പ്രദേശത്താകെ കനത്ത പുക പടർന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഭൂമി കുലുങ്ങിയതായും ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്നും പ്രദേശവാസികൾ പറഞ്ഞു.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന നാലുപേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഇസ്മിർ ഗവർണർ സുലൈമാൻ എൽബാൻ അറിയിച്ചു. അവശിഷ്ടങ്ങൾ പൂർണമായി നീക്കിയശേഷമേ മരണസംഖ്യ സംബന്ധിച്ച് വ്യക്തത ലഭിക്കൂവെന്ന് ഇസ്മിർ മേയർ സെമിൽ തുഗായ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആഭ്യന്തരമന്ത്രി മുസ്തഫ ചിഫ്ത്ചി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി നാല് പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി മന്ത്രി അകിൻ ഗുർലെക് വ്യക്തമാക്കി.








0 comments