Deshabhimani

ഹരിദ്വാറിലേക്ക് യാത്ര; കാർ മറിഞ്ഞ് തീപിടിച്ച് ആറു യുവാക്കൾ വെന്തുമരിച്ചു

CAR FIRE.

സാഹിൽ (20), രാഹുൽ (23), അമൻ (21), അജയ് (21), അങ്കിത് (21), മറ്റൊരു അങ്കിത് (21) എന്നിവരാണ് മരിച്ചത്

വെബ് ഡെസ്ക്

Published on Nov 09, 2026, 09:16 PM | 1 min read

മുസഫർനഗർ: ഹരിദ്വാറിലേക്ക് തീർഥാടനത്തിന് പോയ സുഹൃത്തുക്കളായ 6 യുവാക്കൾ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അപകടം. ഹരിയാനയിലെ ഹാൻസി സ്വദേശികളായ യുവാക്കളാണ് മരിച്ചത്.


സോംവതി അമാവാസിയോടനുബന്ധിച്ച് ഗംഗയിൽ സ്നാനം ചെയ്യുന്നതിനായി ഹരിദ്വാറിലേക്ക് പോവുകയായിരുന്നു ഇവർ. അമിതവേഗത്തിലെത്തിയ കാർ വൈദ്യുതി തൂണിലും റോഡ് ഡിവൈഡറിലും ഇടിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന ആറുപേർക്കും പുറത്തുകടക്കാനായില്ല.


പാനിപ്പത്ത്-ഖട്ടിമ ദേശീയപാതയിൽ ജഗ്ഗാഹേരി ടോൾ പ്ലാസയ്ക്ക് സമീപം പുലർച്ചെ 4.50ഓടെയാണ് അപകടം. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അപ്പോഴേക്കും ആറുപേരും മരിച്ചിരുന്നു.


സാഹിൽ (20), രാഹുൽ (23), അമൻ (21), അജയ് (21), അങ്കിത് (21), മറ്റൊരു അങ്കിത് (21) എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ രാഖി ഗഢിയിലും സമീപ ഗ്രാമങ്ങളിലുമുള്ളവരാണ് ഇവർ. മരിച്ചവരിൽ ചിലർ വിദ്യാർഥികളും മറ്റുള്ളവർ ജോലിചെയ്ത് കുടുംബം പുലർത്തുന്നവരുമാണ്.


അപകടത്തിൽ വൈദ്യുതി തൂൺ തകരുകയും റോഡ് ഡിവൈഡറിന്റെ പത്തുമീറ്ററോളം ഭാഗം നശിക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുമുണ്ടായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home