പോളണ്ട് വെടിവയ്പ്; അക്രമി ചികിത്സയിലിരിക്കെ മരിച്ചു

ക്രാക്കോവ്: പോളണ്ടിലെ വിനോദസഞ്ചാര നഗരമായ ക്രാക്കോവിൽ ആറുപേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചതായി അധികൃതർ. പൊലീസ് കീഴ്പ്പെടുത്തുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അക്രമി തിങ്കളാഴ്ച പുലർച്ചെ 4.30നാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പോളിഷ് സിറ്റി സ്ക്വയറിൽ യുവാവ് നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു, 15 പേർക്ക് പരിക്കേറ്റു.
സൈനിക വേഷവും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ചെത്തിയ അക്രമി വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രമായ തിരക്കേറിയ ചത്വരത്തിലേക്ക് വാഹനമോടിച്ചുകയറ്റിയശേഷം വെടിയുതിർക്കുകയായിരുന്നു. അക്രമിയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹങ്ങൾ ക്രാക്കോവിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള കുടുംബവീട്ടിൽ കണ്ടെത്തി. ഇവരെ അക്രമി വെടിവച്ചുകൊന്നതാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
കൊല്ലപ്പെട്ടവരിൽ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരുമുണ്ട്. മരിച്ചവരിൽ ഒരാൾ ബ്രിട്ടീഷ് പൗരനാണ്. പരിക്കേറ്റവരിൽ ബ്രിട്ടൻ, പോർച്ചുഗൽ, റഷ്യ, ജർമനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള അഞ്ചുപേരുമുണ്ട്. അക്രമിയെ കീഴ്പ്പെടുത്തുന്നതിനിടെ പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ നില ഗുരുതരമാണ്. അക്രമിക്ക് തീവ്ര വലതുപക്ഷ ആശയങ്ങളുണ്ടായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി മാർസിൻ കീർവിൻസ്കി പറഞ്ഞു. അക്രമിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ വീട്ടിൽനിന്നും വാഹനത്തിൽനിന്നുമായി രണ്ട് എആർ-15 സെമി ഓട്ടോമാറ്റിക് റൈഫിളുകളടക്കം 11 തോക്കുകൾ കണ്ടെത്തി.







0 comments