Deshabhimani

വീടിന്റെ മേൽക്കൂര തകർന്ന് വീണ് 21 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

baby
വെബ് ഡെസ്ക്

Published on Nov 09, 2026, 09:00 PM | 1 min read

കാൺപൂർ: വീടിന്റെ മേൽക്കൂര തകർന്ന് വീണ് 21 ദിവസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. കാൺപൂരിലാണ് വീടിന്റെ രണ്ട് മുറികളുടെ മേൽക്കൂര തകർന്ന് വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചത്. 21 ദിവസം മാത്രം പ്രായമുള്ള നവജാതശിശു ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയായിരുന്നു ദാരുണ അന്ത്യം.


കെട്ടിടത്തിന് പഴക്കമേറിയിരുന്നെന്നും മേൽക്കൂരയ്ക്ക് താങ്ങായി പലയിടത്തും മരത്തടികൾ സ്ഥാപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. പെട്ടെന്നുണ്ടായ തകർച്ചയിൽ ഒഴിഞ്ഞുമാറാൻ പോലും സാധിക്കാതെ ഇവർ അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു. പങ്കി പടാവ് ഏരിയയിലാണ് സംഭവം നടന്നെതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് എസ് എം. ഖാസിം ആബിദി അറിയിച്ചു. കെട്ടിടം തകരുന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാല് പേരെ പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.


എന്നാൽ മൂന്ന് പേരുടെയും ജീവൻ രക്ഷിക്കാനായില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലാമത്തെയാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. വിനോദിനി ശുക്ല (60), ഇവരുടെ മരുമകൾ അൻഷിക ശുക്ല (28), അൻഷികയുടെ 21 ദിവസം പ്രായമുള്ള മകൻ ആരവ് ശുക്ല എന്നിവരാണ് മരിച്ചത്. വിനോദിനിയുടെ മകൻ ഹർഷ് ശുക്ലയ്ക്കാണ് (32) ഗുരുതരമായി പരിക്കേറ്റത്.


നാല് വർഷം മുമ്പാണ് ഹർഷിന്റെ വിവാഹം കഴിഞ്ഞതെന്നും പ്രദേശത്ത് ഒരു ഇലക്ട്രിക്കൽ സാധനങ്ങളുടെ കട നടത്തിവരികയായിരുന്നു ഇയാളെന്നും പങ്കി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് സിംഗ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹങ്ങൾ അയച്ചിട്ടുണ്ട്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home