തിരുവനന്തപുരം ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

അച്ഛൻ അശോകനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അന്നപൂർണേന്ദുവാണ് അപകടത്തിൽ മരിച്ചത്
തിരുവനന്തപുരം: ധനുവച്ചപുരത്ത് കെഎസ്ആർടിസി ബസിടിച്ച് 15കാരിയായ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. വെള്ളറട സ്വദേശി സുരേഷ് ബാബുവിനെയാണ് പാറശ്ശാല പൊലീസ് പിടികൂടിയത്. കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരനാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അപകടത്തിനുശേഷം ബസ് നിർത്താതെ ഓടിച്ചുപോയ ഡ്രൈവറെ ഇന്ന് രാവിലെയാണ് പൊലീസ് പിടികൂടിയത്.
അച്ഛൻ അശോകനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അന്നപൂർണേന്ദുവാണ് അപകടത്തിൽ മരിച്ചത്. ധനുവച്ചപുരത്തുനിന്ന് അമരവിള ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിദ്യാർഥിനിയുടെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ പിതാവ് അശോകനും പരിക്കേറ്റിരുന്നു.








0 comments