ഗ്രീസിൽ കുടിയേറ്റക്കാരുടെ ബോട്ടിൽ നിന്ന് 12 മൃതദേഹങ്ങൾ കണ്ടെടുത്തു; 18 പേരെ രക്ഷപ്പെടുത്തി

ഏതൻസ്: ഗ്രീസിലെ ക്രെറ്റ ദ്വീപിനടുത്തായി കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ടിൽ നിന്ന് 12 പേരുടെ മൃതദേഹങ്ങൾ അധികൃതർ കണ്ടെടുത്തു. ബോട്ടിനു സമീപത്തുകൂടി കടന്നുപോയ ചരക്കുകപ്പൽ 18 പേരെ ജീവനോടെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഡാൻ പൗരൻമാരെ ഗ്രീക്ക് പൊലീസ് അറസ്റ്റ് ചെയ്‌തു.
മെഡിറ്ററേനിയൻ കടലിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് ക്രെറ്റ ദ്വീപിനടുത്ത് നിന്ന് 15 നോട്ടിക്കൽ മൈൽ (ഏകദേശം 28 കിലോമീറ്റർ) തെക്കുമാറിയാണ് കണ്ടെത്തിയതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. മരിച്ചവരുടെ വിവരങ്ങളോ മരണകാരണമോ വ്യക്തമായിട്ടില്ല. ഉത്തരാഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റക്കാരുടെ കടന്നുകയറ്റം വർധിച്ച സാഹചര്യത്തിലാണ് ഈ സംഭവം. തിങ്കളാഴ്ച രാവിലെ മാത്രം അതേ പാതയിലൂടെ 180ലധികം ആളുകളുമായി വന്ന മറ്റ് മൂന്ന് ബോട്ടുകൾ അധികൃതർ കണ്ടെത്തിയിരുന്നു.
യൂറോപ്യൻ യൂണിയന്റെ അതിർത്തി സുരക്ഷാ ഏജൻസിയായ ഫ്രോണ്ടെക്സിന്റെ വിമാനം 47 പേരുമായി വന്ന ഒരു ബോട്ടും, ഫ്രോണ്ടെക്സിന്റെ ഡ്രോൺ 40 പേരുള്ള മറ്റൊരു ബോട്ടും കണ്ടെത്തുകയായിരുന്നു. പിന്നീട് ക്രീറ്റിന് 47 നോട്ടിക്കൽ മൈൽ (87 കിലോമീറ്റർ) തെക്കുമാറി 100 പേരുമായി വന്ന മൂന്നാമത്തെ ബോട്ടും ഡ്രോൺ കണ്ടെത്തി. ഈ മൂന്ന് ബോട്ടുകളിലുള്ളവരെയും ക്രീറ്റ് ദ്വീപിലേക്ക് മാറ്റുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
മധ്യപൂർവേഷ്യ, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള യുദ്ധങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടുന്നവർ യൂറോപ്യൻ യൂണിയനിലേക്ക് കടക്കാനുള്ള പ്രധാന വഴിയായി ഗ്രീസ് മാറിയിട്ടുണ്ട്. അടുത്ത മാസങ്ങളിൽ, ലിബിയയിൽ നിന്ന് ക്രീറ്റിലേക്ക് പതിനായിരക്കണക്കിന് ആളുകളാണ് അപകടകരമായ സമുദ്രപാതയിലൂടെ യാത്ര നടത്തുന്നത്. തുർക്കി തീരത്തുനിന്ന് തൊട്ടടുത്തുള്ള ഗ്രീക്ക് ദ്വീപുകളിലേക്കും പലരും യാത്ര ചെയ്യുന്നുണ്ട്. കൃത്യമായ സുരക്ഷാ സൗകര്യങ്ങളില്ലാത്ത റബ്ബർ ഡിംഗികളിലും ചെറിയ ബോട്ടുകളിലുമാണ് ഇവരുടെ യാത്ര.








0 comments